'ദി ചോസണ്‍' സീസണ്‍ 4 ബൈബിള്‍ സംഭവങ്ങളുടെ അതിമനോഹരമായ ആവിഷ്‌കാരം-റിവ്യൂ

'ദി ചോസണ്‍' സീസണ്‍ 4 ബൈബിള്‍ സംഭവങ്ങളുടെ അതിമനോഹരമായ ആവിഷ്‌കാരം-റിവ്യൂ

ബെനിറ്റ ബിനോ
പെർത്ത്


ബൈബിള്‍ സംഭവങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണത്തോടെയുള്ള ചിത്രീകരണമാണ് ദി ചോസണ്‍ എന്ന പരമ്പരയെ ശ്രദ്ധേയമാക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് പരമ്പരയുടെ നാലാം സീസണിലെ ഒന്നും രണ്ടും എപ്പിസോഡുകള്‍ ഒാസ്‌ട്രേലിയയിലെ തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷത്തിലൂടെ കടന്നു പോകുന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ സിനിമ കണ്ടിറങ്ങിയാലും ജീവസുറ്റതായി നമ്മുടെ മനസില്‍ നിലനില്‍ക്കും. അതിനാല്‍ തന്നെ ഇത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്.

ക്രിസ്തുവിന്റെ പരസ്യ ജീവിതം ഇതിവൃത്തമാക്കിയ ദി ചോസണ്‍ പരമ്പരയിലെ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പും ബൈബിള്‍ കഥാപാത്രങ്ങളുടെ സൂക്ഷ്മമായ നിര്‍മ്മാണവും സിനിമയെ വേറിട്ടതാക്കുന്നു. സീസണിലെ ആദ്യ രണ്ട് എപ്പിസോഡുകള്‍ സന്തോഷവും പ്രതീക്ഷയും ഒപ്പം ദുരിതവും നിരാശയും നിറഞ്ഞതാണ്, തുടര്‍ന്ന് അത് യേശുവിന്റെ ശുശ്രൂഷയെയും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെയും ദൃശ്യവത്കരിക്കുന്നു.



എപ്പിസോഡ് ഒന്ന് ആരംഭിക്കുന്നത്, സ്ത്രീകളുടെ സന്തോഷം ലോകത്തോട് പങ്കുവയ്ക്കുന്ന ലൂക്കോസ് 1:39-45 എന്ന സുവിശേഷ ഭാഗത്തോടെയാണ്. ഉദരത്തില്‍ ക്രിസ്തുവിനെ വഹിക്കുന്ന മറിയം തന്റെ ചാര്‍ച്ചകാരിയായ എലിസബത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിക്കുന്നത് അതിമനോഹരമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

'നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്' എന്ന് മറിയത്തെ എലിസബത്ത് വാഴ്ത്തുകയും വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഈ രംഗത്തില്‍, മറിയവും എലിസബത്തും പരസ്പരം തീവ്രമായ സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ ഇഴയടുപ്പം ഒരു ആത്മീയാനുഭവമായി പ്രേക്ഷകരിലേക്കും എത്തുന്നു.

എപ്പിസോഡ് അടുത്ത ഭാഗത്തേക്ക് പുരോഗമിക്കുമ്പോള്‍ അവിടെ യൂദാസും ശിമയോനും വസ്ത്രങ്ങള്‍ കഴുകുന്നതായി കാണാം. യേശു തിരഞ്ഞെടുത്ത ശിഷ്യന്മാര്‍ സാധാരണക്കാരായിരുന്നുവെന്ന് ഈ രംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ആ കാലഘട്ടത്തെ പ്രതിഫലിക്കുന്ന നിരവധി ഘടകങ്ങള്‍ പശ്ചാത്തലത്തില്‍ കാണാം. ക്രിസ്തുവിന്റെ പഠിപ്പിക്കലുകളോടും വഴികളോടും ചേര്‍ന്നുനില്‍ക്കാന്‍ ദുരാഗ്രഹത്തിന് വഴിപ്പെട്ട യൂദാസ് പാടുപെടുന്നതായി ചിത്രത്തില്‍ കാണാം.

വിശുദ്ധ സ്‌നാപക യോഹന്നാന്‍ കൊല്ലപ്പെടാനുള്ള സാഹചര്യങ്ങളും ചിത്രത്തില്‍ കാണിക്കുന്നു. ഹേറോദേസ് മഹാരാജാവിന്റെ കല്‍പനപ്രകാരം യോഹന്നാന്റെ തല വെട്ടിയെടുക്കപ്പെടുന്നതിനു തൊട്ടുമുന്‍പുള്ള രംഗത്തില്‍ വയലില്‍ മേയുന്നന്നൊരു കുഞ്ഞാടിനെ യോഹന്നാന്‍ നോക്കുന്നതായി കാണാം. ദൈവത്തിന്റെ കുഞ്ഞാടെന്ന് ഈശോയെ പ്രതീകാത്മകമായി അവതരിപ്പിക്കുന്നത് ഈ രംഗത്തില്‍ പ്രേക്ഷകന് അനുഭവപ്പെടും.

മിശിഹായ്ക്കുള്ള വഴിയൊരുക്കുക എന്ന തന്റെ ദൗത്യം നിറവേറ്റിയ യോഹന്നാന്റെ ജീവിത വൃത്തത്തെയും രക്തസാക്ഷിത്വത്തെയും ചിത്രീകരിക്കാന്‍ ഈ എപ്പിസോഡില്‍ ബൈബിള്‍ രംഗങങ്ങള്‍ വൈകാരികയോടെയും എന്നാല്‍ കൃത്രിമത്വമില്ലാതെയും അതിശയകരമായി ഉപയോഗിച്ചിരിക്കുന്നു.

എപ്പിസോഡ് 2 ആരംഭിക്കുന്നത്, യോഹന്നാന്‍ തന്റെ ചങ്ങലയില്‍ നിന്ന് മോചിതനാകുന്നതും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതും യേശു സ്വപ്നം കാണുന്ന ഒരു പ്രതീകാത്മക രംഗത്തോടെയാണ്. ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത് എന്ന യേശുവിന്റെ ശിഷ്യന്മാരോടുള്ള ചോദ്യത്തിന് പത്രോസ്, 'നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്' എന്നു സാക്ഷ്യപ്പെടുത്തുന്ന രംഗങ്ങളും രണ്ടാം എപ്പിസോഡിലുണ്ട്.

സീസണ്‍ നാലിലെ ഒന്നും രണ്ടും എപ്പിസോഡുകള്‍ ബൈബിള്‍ കഥാപാത്രങ്ങളെ ജാഗ്രതയോടെയും വളരെ കൃത്യതയോടെയും ചിത്രീകരിക്കുന്നു. ശിഷ്യന്മാരുടെ ഓരോ കഥാപാത്രങ്ങളും അവരുടേതായ തനതു വ്യക്തിത്വത്താല്‍ വേറിട്ടു നില്‍ക്കുന്നതും പ്രേക്ഷരുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കുന്നതുമാണ്. അതിനാല്‍ സീസണ്‍ നാലിന്റെ 1, 2 എപ്പിസോഡുകളുടെ ഒാരോ നിമിഷവും വൈകാരികതയോടെ ആസ്വദിക്കാന്‍ കഴിയും.

കൂടുതല്‍ വായനയ്ക്ക്:

യേശുവിന്റെ ജീവിതം ചിത്രീകരിക്കുന്ന ചലച്ചിത്ര വിസ്മയം; 'ദ ചോസണ്‍' നാലാം ഭാഗം തീയേറ്ററുകളില്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.