കൊച്ചി: കുഞ്ഞുങ്ങൾ ജനിക്കുകയും ജീവിക്കുകയും (വളരുകയും) ചെയ്യേണ്ടത് കുടുംബത്തിലായിരിക്കണമെന്നും വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള സുപ്രീം കോടതിയുടെ നിരീക്ഷണത്തെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.
അവിവാഹിതയായ 44 വയസുള്ള യുവതി വാടക ഗർഭധാരണത്തിലൂടെ അമ്മയാകുവാൻ അനുമതിതേടി നൽകിയ ഹർജിയിലായിരുന്നു, സുപ്രീംകോടതിയുടെ വിധി. കുഞ്ഞുങ്ങളെ സ്വീകരിച്ചു വളർത്തുന്ന ഭാരതത്തിന്റെ കുടുംബസംസ്ക്കാരത്തിന്റെ സവിശേഷത എടുത്തുപറഞ്ഞ വിധി വാക്യങ്ങൾ കുട്ടികളുടെ ക്ഷേമം സംരക്ഷിക്കുന്നതാണെന്നും കുടുംബജീവിതത്തിന്റെ മഹത്വം വ്യക്തമാക്കുന്നതാണെന്നും പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ് വിലയിരുത്തി.
വാടകഗർഭധാരണത്തിലൂടെ ജനിച്ചകുട്ടികൾ അലഞ്ഞുനടക്കുന്നത് കാണുവാൻ ഇഷ്ടപ്പെടില്ലെന്ന അഭിപ്രായം നീതിന്യായ മേഖലയിലെ കുടുംബമൂല്യങ്ങളെ വ്യക്തമാക്കുന്നതും സാമൂഹ്യകാഴ്ചപ്പാടുകളെ അംഗീകരിക്കുന്നതുമാണെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. അമ്മയാകുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിവാഹം കഴിക്കുകയോ ദത്തെടുക്കുകയോ ചെയ്യണമെന്നുള്ള കോടതിയുടെ ഉപദേശവും മാതൃത്വത്തിന്റെ മഹനീയതയെ അംഗീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26