ഡെറാഡൂണ്‍: മദ്രസ പൊളിച്ചതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ വ്യാഴാഴ്ചയുണ്ടായ അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ബന്‍ഭൂല്‍പുരയില്‍ സ്ഥിതി ചെയ്യുന്ന മദ്രസയും അതിനോട് ചേര്‍ന്നുള്ള പള്ളിയും തകര്‍ത്തതിന്റെ പേരിലാണ് കലാപം ഉണ്ടായത്. പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഭൂരിഭാഗവും പൊലീസ് ഉദ്യോഗസ്ഥരാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റുള്ളവര്‍ മുനിസിപ്പല്‍ തൊഴിലാളികളാണ്. മദ്രസയും അതിന്റെ ഭാഗമായുള്ള മസ്ജിദും പൊളിക്കാനെത്തിയവരായിരുന്നു അവര്‍.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ വ്യാഴാഴ്ചയുണ്ടായ അക്രമത്തില്‍ നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സ്റ്റേറ്റ് എഡിജി ലോ ആന്‍ഡ് ഓര്‍ഡര്‍ എ.പി അന്‍ഷുമാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. നൂറോളം പൊലീസുകാര്‍ക്ക് പരിക്കേറ്റതായും അവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും അദേഹം വ്യക്തമാക്കി.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. അക്രമത്തെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. നൈനിറ്റാളിലെ എല്ലാ സ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ ഭരണകൂടം ഉത്തരവിട്ടു. അക്രമം രൂക്ഷമായതോടെ ഹല്‍ദ്വാനിയിലെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്.
ഹല്‍ദ്വാനിയിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ചീഫ് സെക്രട്ടറി രാധാ രതുരിയുമായും ഡിജിപി അഭിനവ് കുമാറുമായും കൂടിക്കാഴ്ച നടത്തി. ശാന്തത പാലിക്കാന്‍ അദേഹം എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഹല്‍ദ്വാനിയിലേക്ക് കൂടുതല്‍ സേനയെ വിളിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായും പൊലീസ് ഡയറക്ടര്‍ ജനറലുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബന്‍ഭൂല്‍പുരയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ആളുകളെ പുറത്തിറങ്ങാന്‍ അനുവദിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു.
അര്‍ധസൈനിക വിഭാഗത്തെ അയച്ചതിനാല്‍ ബന്‍ഭൂല്‍പുരയിലെ സ്ഥിതി നിലവില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എങ്കിലും ഹല്‍ദ്വാനിയില്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോ റെക്കോര്‍ഡിങുകള്‍ ഉള്‍പ്പെടെയുള്ള വിവിധ തെളിവുകളിലൂടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് നൈനിറ്റാള്‍ ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കിയത്.
കലാപത്തിന് ഉത്തരവാദികളായവര്‍ ഒരിക്കലും രക്ഷപ്പെടില്ലെന്നും അവരില്‍ നിന്ന് നാശനഷ്ടങ്ങള്‍ ഈടാക്കുമെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.