ഛത്തീസ്ഗഡില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മലയാളി കന്യാസ്ത്രീ റിമാന്‍ഡില്‍; നിരപരാധിയെന്ന് സ്‌കൂള്‍ അധികൃതര്‍

ഛത്തീസ്ഗഡില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മലയാളി കന്യാസ്ത്രീ റിമാന്‍ഡില്‍; നിരപരാധിയെന്ന് സ്‌കൂള്‍ അധികൃതര്‍

അംബികാപൂര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ അംബികാപൂര്‍ കാര്‍മല്‍ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് മലയാളി കന്യാസ്ത്രീ റിമാന്‍ഡില്‍. സിസ്റ്റര്‍ മേഴ്‌സിയാണ് റിമാന്‍ഡിലായത്.

പെണ്‍കുട്ടിയുടെ ആത്മഹത്യ വാര്‍ത്ത പ്രചരിച്ചതിന് തൊട്ടുപിന്നാലെ, മേഴ്‌സിയെയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും മറ്റൊരു കന്യാസ്ത്രീയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടന്നു.

മരണത്തില്‍ സിസ്റ്ററിന് യാതൊരു പങ്കുമില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച മൂന്നു വിദ്യാര്‍ഥിനികള്‍ ഒരുമിച്ച് ഒരു ടോയ്ലറ്റില്‍ കയറിയതായി മറ്റൊരു വിദ്യാര്‍ഥിനി സിസ്റ്റര്‍ മേഴ്‌സിയെ അറിയിച്ചു. തുടര്‍ന്ന് സിസ്റ്റര്‍ ഇവര്‍ ഇറങ്ങിവരുന്നതുവരെ ടോയ്ലറ്റിനു പുറത്ത് കാത്തുനിന്നു. ഇവര്‍ ഇറങ്ങിവന്നപ്പോള്‍ എന്തിനാണ് മൂന്നുപേര്‍ ഒരുമിച്ച് ഒരു ടോയ്ലറ്റില്‍ പോയതെന്ന് ചോദിച്ചു.

അവരില്‍നിന്ന് ഐഡി കാര്‍ഡ് വാങ്ങിയ സിസ്റ്റര്‍ അവരോട് അടുത്തദിവസം രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളിലൊരാള്‍ വീട്ടിലെത്തി ആത്മഹത്യാക്കുറിപ്പെഴുതി വച്ച് ജീവനൊടുക്കുകയായിരുന്നു. ഈ കുട്ടികളെ സിസ്റ്റര്‍ പഠിപ്പിക്കുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

കേരളം ആസ്ഥാനമായുള്ള കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ കാര്‍മ്മലാണ് 30 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ നടത്തുന്നത്. 8000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ വളരെ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.

അംബികാപൂര്‍ രൂപതയിലെ വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ. ലൂസിയന്‍ കുജൂര്‍ കന്യാസ്ത്രീക്കെതിരായ ആരോപണം നിഷേധിച്ചു.

ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെതുടര്‍ന്ന് പോലീസ് സിസ്റ്റര്‍ മേഴ്സിയെ അറസ്റ്റ് ചെയ്യുകയും സ്‌കൂളിന് സുരക്ഷയ്ക്കായി പോലീസിനെ വിന്യസിക്കുകയും ചെയ്തു. നിലവില്‍, സ്‌കൂള്‍ അടച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ സാധാരണ നിലയിലായതിന് ശേഷം വളരെ വേഗം സ്‌കൂള്‍ വീണ്ടും തുറക്കുമെന്ന് ഫാ. ലൂസിയന്‍ കുജൂര്‍ പറഞ്ഞു.

മതപരിവര്‍ത്തനം ആരോപിച്ച് സംസ്ഥാനത്തെ ഹിന്ദു സംഘടനകള്‍ ക്രൈസ്തവ സംഘടനകള്‍ക്കെതിരേ തിരിയുന്നത് പതിവു സംഭവമായി മാറിയിരിക്കുകയാണ്. ആദിവാസി ആധിപത്യമുള്ള ബസ്തര്‍ മേഖലയില്‍ നിരവധി പേര്‍ ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ ആളുകള്‍ മറ്റ് ഗ്രാമീണരില്‍ നിന്ന് ആക്രമണങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

2022ല്‍ ബസ്തര്‍ മേഖലയില്‍ 1,000-ലധികം ക്രിസ്ത്യാനികളെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കി. അക്രമികള്‍ വീടുകള്‍ ആക്രമിച്ച് കൊള്ളയടിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തു. മരിച്ചവരെ അടക്കം ചെയ്യുന്നതിനെപ്പോലും അന്ന് എതിര്‍ത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.