ഓപ്പറേഷന്‍ ബേലൂര്‍ മഗ്ന പുനരാരംഭിച്ചു: ആനയെ ട്രാക്ക് ചെയ്തു; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

 ഓപ്പറേഷന്‍ ബേലൂര്‍ മഗ്ന പുനരാരംഭിച്ചു: ആനയെ ട്രാക്ക് ചെയ്തു; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

മാനന്തവാടി: വയനാട്ടില്‍ ഇറങ്ങിയ ആളെക്കൊല്ലി ആനയെ വനംവകുപ്പ് ട്രാക്ക് ചെയ്തു. ബേലൂര്‍ മഗ്‌ന എന്ന ആന ഇന്നലെ കണ്ട മണ്ണുണ്ടി വനത്തില്‍ തന്നെയുണ്ടെന്ന് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. സാഹചര്യം അനുകൂലമായാല്‍ മയക്കുവെടി വെക്കുമെന്നും അദേഹം വ്യക്തമാക്കി.

ആനയെ നിരീക്ഷിച്ചുകൊണ്ട് 13 ടീമുകളാണ് നിലയുറപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ആന പുറത്തേക്ക് ഇറങ്ങുന്നത് തടയാന്‍ കഴിഞ്ഞു. പൊലീസും സ്ഥലത്തുണ്ട്. ആനയെ ലൊക്കേറ്റ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ട്രാക്കിങ് ടീം വനത്തിലുണ്ട്. മരത്തിന് മുകളില്‍ കയറി നിന്ന് ആനയെ മയക്കുവെടി വെക്കാന്‍ കഴിയുമോയെന്നും ശ്രമിക്കുന്നുണ്ട്.

ഇന്നലെ കുങ്കിയാനകളെവച്ച് ആനയെ പിടികൂടാനായിരുന്നു ശ്രമിച്ചിരുന്നത്. അതിനുള്ള ശ്രമവും നടത്തുമെന്ന് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും, ദൗത്യസംഘത്തിന്റെ നിര്‍ദേശങ്ങളോട് സഹകരിക്കണമെന്നും ഡിഎഫ്ഒ ആവശ്യപ്പെട്ടു. അതേസമയം ദൗത്യസംഘം ആനയെ കണ്ടെത്തിയെങ്കിലും മറ്റ് ആനകള്‍ കൂടെയുള്ളതിനാല്‍ വെടിവെയ്ക്കുക ദുഷ്‌കരമാകുമെന്നാണ് റിപ്പോര്‍ട്ട്.

കുങ്കിയാനകളുടെ സാന്നിധ്യത്തിലാകും വെടിവെക്കുക. അതിനാല്‍ കുങ്കിയാനകളെ വനത്തിനുള്ളിലേക്ക് കൊണ്ടുപോയി. ആന അക്രമാസക്തനാകാന്‍ സാധ്യതയുള്ളതായി ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. വെടിവെക്കുന്നയാളുടെ നേരെ ആന പാഞ്ഞടുക്കാന്‍ സാധ്യതയുണ്ട് എന്നത് കണക്കിലെടുത്താണ് മരത്തില്‍ കയറി നിന്ന് വെടിവെക്കുന്നത് പരിഗണിക്കുന്നത്. ഇപ്പോള്‍ ആന മണ്ണുണ്ടി ആദിവാസി കോളനിക്ക് പിന്നിലായാണ് നിലയുറപ്പിച്ചിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.