യു.എ.ഇയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും; ജാഗ്രത തുടരണമെന്ന് അധികൃതര്‍

യു.എ.ഇയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും; ജാഗ്രത തുടരണമെന്ന് അധികൃതര്‍

ദുബായ്: യു.എ.ഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകള്‍ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു.

സ്വകാര്യ കമ്പനികളടക്കം വര്‍ക് ഫ്രം ഹോമിന് നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ വിദൂര പഠനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്നലെ തന്നെ അധികൃതര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

യുഎഇയിലെ എല്ലാ എമിറേറ്റുകളിലും തിങ്കളാഴ്ച പുലര്‍ച്ചെ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് കനത്ത മഴ അനുഭവപ്പെട്ടത്.

ബുധനാഴ്ച വരെ മോശം കാലാവസ്ഥയാണെന്നാണ് പ്രവചിച്ചിരിക്കുന്നത്. 70 കി.മീ വേഗത്തില്‍ വരെ കാറ്റ് വീശാനിടയുണ്ടെന്നും അറിയിപ്പുണ്ട്. ദുബായ് വിമാനത്താവളത്തില്‍ ടെര്‍മിനല്‍ ഒന്നിലും മൂന്നിലും വെള്ളം കയറി. വെള്ളക്കെട്ടിനെത്തുടര്‍ന്ന് ദുബായില്‍ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. പല കെട്ടിടങ്ങളിലെയും പാര്‍ക്കിങ് ഗ്രൗണ്ടിലും വെള്ളം കയറിയിട്ടുണ്ട്.

ആലിപ്പഴ വര്‍ഷത്തോടുകൂടിയാണ് ഫുജൈറയിലും അല്‍ഐനിലും മഴപെയ്തത്. അല്‍ഐനിലാണ് കൂടുതല്‍ ആലിപ്പഴവര്‍ഷമുണ്ടായത്. കാറുകളുടെ ചില്ലുകള്‍ വരെ തകര്‍ന്നുപോകുന്ന തരത്തിലാണ് ആലിപ്പഴവര്‍ഷമുണ്ടായത്.

ബീച്ചുകളും തടാകങ്ങളും വെള്ളക്കെട്ടുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യമല്ലാതെ പുറത്തേക്ക് പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.