മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മഹാരാഷ്ട്രയില്‍ പതിനഞ്ചോളം എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് എംഎല്‍എമാരും ചുവടു മാറാനൊരുങ്ങുന്നത്.
യുവനേതാവ് വിശ്വജിത്ത് കദം, അസ്ലം ഷെയ്ഖ്, അമീന്‍ പട്ടേല്‍, സഞ്ജയ് നിരുപം എന്നിവരടക്കം 15 കോണ്‍ഗ്രസ് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറാനൊരുങ്ങുന്നത്. ചിത്രം ഉടന്‍ തെളിയുമെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
പ്രതിപക്ഷത്തെ 10-15 എംഎല്‍എമാര്‍ അശോക് ചവാനുമായി ബന്ധം പുലര്‍ത്തുന്നതായി ബിജെപിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എ രവി റാണ പറയുന്നു. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയെയും മകളെയും ബിജെപി സമീപിച്ചതായും സൂചനയുണ്ട്.
മഹാരാഷ്ട്രയിലെ പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുംബൈയില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. താന്‍ പാര്‍ട്ടി വിടുമെന്നത് അഭ്യൂഹം മാത്രമാണെന്നും കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.