കടമെടുപ്പ് പരിധി: കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്തി തര്‍ക്കം പരിഹരിച്ചുകൂടെയെന്ന് സുപ്രീം കോടതി

കടമെടുപ്പ് പരിധി: കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്തി തര്‍ക്കം പരിഹരിച്ചുകൂടെയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കേരളവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തിക്കൂടേ എന്ന് സുപ്രീം കോടതി. സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തികൂടെയെന്നാണ് കോടതി ആരാഞ്ഞത്.

ചര്‍ച്ചയ്ക്ക് ഇന്ന് തന്നെ തയ്യാറാണെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. കേസ് ഉച്ചകഴിഞ്ഞ് രണ്ടിന് പരിഗണിക്കുമ്പോള്‍ കേന്ദ്ര നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രാവിലെ കോടതി ആരംഭിച്ചപ്പോള്‍ തന്നെ കേരളത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, കേരളത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവര്‍ കേസ് കോടതിയില്‍ മെന്‍ഷന്‍ ചെയ്യുകയായിരുന്നു.

ഇത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള നയപരമായ വിഷയമാണ്. കേരളത്തിനു വേണ്ടി മാത്രമായി തീരുമാനമെടുക്കാനാകില്ല. മറ്റു സംസ്ഥാനങ്ങളെ കൂടി ബാധിക്കുന്നതാണ്. അതിനാലാണ് ചര്‍ച്ചയിലൂടെ വിഷയം പരിഹരിച്ചുകൂടേയെന്ന് കോടതി ചോദിച്ചത്. വിഷയത്തില്‍ കോടതി ഇടപെടല്‍ അവസാനം മതിയെന്നും കോടതി നിരീക്ഷിച്ചു.

ഫണ്ട് അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ പ്രോവിഡന്റ് ഫണ്ട് വിതരണം ഉള്‍പ്പടെ പ്രതിസന്ധിയിലാകുമെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തുകൂടെയെന്ന് കോടതി ആരാഞ്ഞത്.

കേന്ദ്ര ധനമന്ത്രിക്ക് ഒറ്റയടിക്ക് തീരുമാനമെടുക്കാനാകില്ലെന്നും കേന്ദ്ര ധനവകുപ്പ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായി കൂടിയാലോചന വേണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് രണ്ട് മണിക്ക് നിലപാട് അറിയിക്കാന്‍ കോടതി ഇരു കക്ഷികളോടും നിര്‍ദേശിച്ചത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.