ജയ്പൂര്‍: സോണിയ ഗാന്ധി രാജ്യസഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജസ്ഥാനില്‍ നിന്നാണ് മുന്‍ എഐസിസി അധ്യക്ഷ കൂടിയായ സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗോലോട്ട് എന്നിവര്‍ക്കൊപ്പം ജയ്പൂരില്‍ എത്തിയാണ് സോണിയ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. രാജസ്ഥാനില്‍ നിന്ന് ഒരു സീറ്റിലാണ് കോണ്‍ഗ്രസിന് രാജ്യസഭയിലേക്ക് ജയിക്കാന്‍ സാധിക്കുക.
15 സംസ്ഥാനങ്ങളില്‍ നിന്ന് 56 സീറ്റുകളാണ് രാജ്യസഭയില്‍ ഒഴിവു വരുന്നത്. ഫെബ്രുവരി 27 നാണ് തിരഞ്ഞെടുപ്പ്. മൂന്ന് സീറ്റുകളാണ് രാജസ്ഥാനില്‍ ഒഴിവ് വരുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒഴിയുന്ന സീറ്റിലേക്കാണ് സോണിയ മത്സരിക്കുന്നത്.
രാജ്യസഭ തിരഞ്ഞെടുപ്പിലേക്ക് സോണിയ ഗാന്ധിയെ കൂടാതെ മൂന്ന് സ്ഥാനാര്‍ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ബിഹാറില്‍ നിന്ന് അഖിലേഷ് പ്രസാദ് സിങ്, ഹിമാചല്‍ പ്രദേശില്‍ നിന്ന് അഭിഷേക് മനു സിങ്വി, മഹാരാഷ്ട്രയില്‍ നിന്ന് ചന്ദ്രകാന്ത് ഹന്‍ഡോര്‍ എന്നിവരും മത്സരിക്കും.
1964 മുതല്‍ 1967 വരെ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യസഭയില്‍ അംഗമായിരുന്നു. 2019 ലെ ലോക്സഭ തിരഞ്ഞെടപ്പ് തന്റെ അവസാന മത്സരം ആയിരിക്കുമെന്ന് സോണിയ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
സോണിയയുടെ തട്ടകമായ റായ്ബറേലിയില്‍ ഇത്തവണ മകളും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും എന്നാണ് സൂചന. എന്നാല്‍ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
1999 ല്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധി, 2004 ല്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി മണ്ഡലം മാറുകയായിരുന്നു. അഞ്ച് വട്ടം ലോക്സഭ എംപിയായിരുന്ന സോണിയ ആദ്യമായാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.