ഫ്‌ളോറിഡ: സ്വകാര്യ കമ്പനിയുമായി സഹകരിച്ചുള്ള നാസയുടെ മറ്റൊരു ചാന്ദ്രദൗത്യത്തിന് ഇന്ന് തുടക്കമാകും. യുഎസ് ആസ്ഥാനമായുള്ള ബഹിരാകാശ സ്ഥാപനമായ ഇന്‍ട്യൂറ്റീവ് മെഷീന്‍സ് രൂപകല്‍പന ചെയ്ത 'നോവ-സി' ലാന്‍ഡര്‍ ബുധനാഴ്ച ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് കുതിച്ചുയരും. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റാണ് ലാന്‍ഡറിനെ ചന്ദ്രനിലെത്തിക്കുക. ഫെബ്രുവരി 22ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചാന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍തന്നെയാകും നോവ-സിയും ഇറങ്ങുക. ആറ് പേ ലോഡുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ സുസ്ഥിരമായ മനുഷ്യ സാന്നിധ്യത്തിനു വഴിയൊരുക്കുകയാണ് നോവ-സിയുടെ ദൗത്യം.
2019ല്‍, ഒമ്പത് സ്വകാര്യ കമ്പനികളുമായി ചാന്ദ്രദൗത്യത്തിന് നാസ കരാര്‍ ഒപ്പിട്ടിരുന്നു. ഇതില്‍ രണ്ടാമത്തെ കമ്പനിയാണ് ഇന്‍ട്യൂറ്റീവ് മെഷീന്‍സ്. അസ്‌ട്രോബോട്ടിക് ടെക്‌നോളജി എന്ന കമ്പനിയുമായി ചേര്‍ന്ന് കഴിഞ്ഞമാസം നാസ നടത്തിയ പെരിഗ്രീന്‍ ദൗത്യം പരാജയപ്പെട്ടിരുന്നു. ഇത് നാസയുടെ മനുഷ്യനെയും വഹിച്ചുള്ള ചാന്ദ്രയാത്ര നീട്ടിവെക്കാന്‍ കാരണമായി.
പുതിയ ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി ഇന്‍ട്യൂറ്റീവ് മെഷീന്‍സ് മാറും. ഈ ദൗത്യം വിജയിച്ചാല്‍ ചാന്ദ്ര പര്യവേക്ഷണങ്ങളില്‍ വന്‍ കുതിച്ചുചാട്ടമാകും കാത്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.