വത്തിക്കാന്‍ സിറ്റി: ഭക്ഷണം പാഴാക്കുക എന്ന മഹാവിപത്തിനെക്കുറിച്ച് കടുത്ത ആശങ്ക രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ലോകത്ത് അനുദിനം വര്‍ധിച്ചുവരുന്ന ഭക്ഷ്യമാലിന്യ പ്രശ്‌നത്തില്‍ അടിയന്തര നടപടി വേണമെന്നും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.
കാര്‍ഷിക വികസനത്തിനായുള്ള ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് (ഐ.എഫ്.എ.ഡി) ഗവേണിംഗ് കൗണ്‍സിലിന്റെ 47-ാമത് സെഷനില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പരിശുദ്ധ പിതാവിന്റെ ഓര്‍മപ്പെടുത്തല്‍. പാഴാക്കുന്ന ഭക്ഷണം ലോകത്തിന്റെ വിശപ്പകറ്റാന്‍ പര്യാപ്തമാണ്. അതല്ലെങ്കില്‍ ഭക്ഷ്യ മാലിന്യം ഭൂമിക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും.
ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ ഏകദേശം മൂന്നിലൊന്ന് ഏതെങ്കിലുമൊരു തരത്തില്‍ നഷ്ടപ്പെടുകയോ പാഴായിപ്പോകുകയോ ചെയ്യുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഭക്ഷണം പാഴാക്കുന്നത് വലിയ സാമ്പത്തിക നഷ്ടവും കടുത്ത പാരിസ്ഥിതിക പ്രശ്‌നവും കൂടിയാണ്.
ലോകം ഇന്ന് ഭക്ഷണവുമായി ബന്ധപ്പെട്ട് ഹൃദയഭേദകമായ ഒരു യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നുവെന്ന് പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു. 'ഒരു വശത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയാല്‍ വലയുമ്പോള്‍, മറുവശത്ത്, ഭക്ഷണം പാഴാക്കുന്നതില്‍ വലിയ നിര്‍വികാരത കാണുന്നു'.
മാലിന്യക്കൂമ്പാരങ്ങളില്‍ അവശേഷിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ ഓരോ വര്‍ഷവും വന്‍തോതില്‍ ഹരിതഗൃഹ വാതകങ്ങള്‍ ഉത്പാദിപ്പിക്കുന്നു, അതേസമയം ഈ പാഴാക്കിക്കളയുന്ന ഭക്ഷണം വിശക്കുന്ന എല്ലാവര്‍ക്കും പര്യാപ്തമാണ്.
'നാം ലോകത്തെ അപകടകരമായ പരിധികളിലേക്ക് തള്ളിവിടുകയാണ്. കാലാവസ്ഥാ വ്യതിയാനവും വിഭവങ്ങളുടെ കൊള്ളയും ദശലക്ഷക്കണക്കിന് ആളുകളുടെ അതിജീവനത്തിന് ഭീഷണിയായ എണ്ണമറ്റ സംഘര്‍ഷങ്ങളും വിവരിച്ചുകൊണ്ട് മാര്‍പ്പാപ്പ മുന്നറിയിപ്പ് നല്‍കി.
പ്രതിസന്ധികള്‍ എന്തുതന്നെയായാലും, എല്ലായ്പ്പോഴും ആദ്യം അനുഭവിക്കുന്നത് ഗ്രാമീണ സമൂഹങ്ങളാണെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
'തദ്ദേശീയ സമൂഹങ്ങളാണ് ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും ഇരകളാകുന്നത്. അതേസമയം, പ്രകൃതിവിഭവ മാനേജ്‌മെന്റിനെക്കുറിച്ചുള്ള അവരുടെ അറിവും പരിസ്ഥിതിയുമായുള്ള ബന്ധവും ലോകത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ ഉതകുന്നതാണ്.
ഭക്ഷണ പാഴാക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ സ്ത്രീകള്‍ക്ക് ശരിയായ പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകതയും ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഗ്രാമപ്രദേശങ്ങളിലെ പകുതിയിലധികം ഭക്ഷ്യസുരക്ഷയില്ലാത്ത കുടുംബങ്ങളുടെയും പ്രധാന ആശ്രയം സ്ത്രീകളാണെന്ന് പാപ്പ പറഞ്ഞു.
കൈവരിക്കാനാകാത്ത പ്രതിബദ്ധതകള്‍ക്കു വേണ്ടി ഒത്തുതീര്‍പ്പിലെത്താതെ കൂട്ടായ പ്രവര്‍ത്തനത്തില്‍ നിന്ന് ഉത്ഭവിക്കുന്ന പ്രത്യാശ നട്ടുവളര്‍ത്തുന്നതിലൂടെ പട്ടിണിയും ദാരിദ്ര്യവും നേരിടാന്‍ കഴിയണമെന്നും പാപ്പ അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമായി ഭക്ഷണം പാഴാക്കുന്നത് അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക കേന്ദ്രമായ റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമാണ് ഐ.എഫ്.എ.ഡി. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ അഭിനന്ദനാപൂര്‍വം പരാമര്‍ശിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.