ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സുരക്ഷാ സേനയും പ്രദേശവാസികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ മരിച്ചു. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. കുക്കി ഗോത്രവര്‍ഗക്കാര്‍ കൂടുതലായുള്ള ചുരാചന്ദ്പൂര്‍ ജില്ലയിലാണ് സംഭവം. ഇന്നലെ അര്‍ധരാത്രിയോടെയാണ് വെടിവയ്പ്പുണ്ടായത്.
ചുരാചന്ദ്പുരില്‍ ആള്‍ക്കൂട്ടത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷം രൂക്ഷമായ ചുരാചന്ദ്പുരിലെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും കളക്ടറുടെയും ഓഫിസുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിലേക്ക് ആളുകള്‍ ഇരച്ചു കയറിയതാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്ന് അധികൃതര്‍ പറയുന്നു.
കുക്കി ഗോത്ര വിഭാഗത്തില്‍പ്പെട്ട പൊലീസ് കോണ്‍സ്റ്റബളിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ആള്‍ക്കൂട്ടം പൊലീസ് സൂപ്രണ്ടന്റിന്റെ വസതിക്കു മുന്നില്‍ തടിച്ചു കൂടിയത്. ഗേറ്റിന് മുന്നില്‍ തടഞ്ഞതിനാല്‍ തടിച്ചുകൂടിയവര്‍ വസതിക്കു നേരെ കല്ലെറിയാന്‍ ആരംഭിച്ചു. ഏകദേശം 300-400 പേര്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
സായുധരായവർക്കൊപ്പമുള്ള സെല്‍ഫി വൈറലായതിന് പിന്നാലെ ചുരാചന്ദ്പൂര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സിയാംലാല്‍ പോളിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇയാളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസ് വളഞ്ഞെന്നും ജില്ലയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കുന്ന വീഡിയോ പ്രചരിച്ചു എന്ന കാരണത്താലാണ് പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ സമാന രീതിയിലുള്ള വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടും മെയ്‌തേയ് വിഭാഗത്തിലുള്ള പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് ചുരാചന്ദ്പുരിലെ ഗോത്ര വിഭാഗങ്ങളുടെ സംഘടനയായ ഇന്‍ഡിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം വ്യക്തമാക്കുന്നു.
ഇംഫാലില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ചുരാചന്ദ്പൂരില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ഇതേത്തുടര്‍ന്ന് നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു.
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. പൊതുജന വികാരം ഇളക്കുന്ന ചിത്രങ്ങള്‍, പോസ്റ്റുകള്‍, വീഡിയോ സന്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മണിപ്പൂര്‍ സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറി നോട്ടീസ് പുറപ്പെടുവിച്ചത്.
ക്രമസമാധാന നില പരിഗണിച്ച് അഞ്ച് ദിവസത്തേക്ക് ചുരാചന്ദ്പൂര്‍ ജില്ലയിലെ മുഴുവന്‍ റവന്യൂ അധികാര പരിധിയില്‍ വിപിഎന്‍ വഴിയുള്ള മൊബൈല്‍, ഇന്റര്‍നെറ്റ്, ഡാറ്റ സേവനങ്ങള്‍, താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് ഉത്തരവില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.