ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. പതിനൊന്നാം വട്ടമാണ് സര്‍ക്കാരും കര്‍ഷകരും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. ഡല്‍ഹി വിജ്ഞാൻ ഭവനില്‍ ഉച്ചയ്ക്ക് 12 നാണ് ചര്‍ച്ച.
കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തില്‍ കര്‍ഷകര്‍ അറിയിക്കും. വിഷയം പഠിക്കുന്നതിന് സര്‍ക്കാരിന്റേയും കര്‍ഷകരുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കാമെന്നും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ നിയമം മരവിപ്പിച്ച് നിര്‍ത്തുമെന്നുമായിരുന്നു സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
അതേസമയം, സമരം ശക്തമായി തുടരാനും തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക നിയമം ഭേദഗതി പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് സംഘടനകളുടെ നിലപാട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയിലും മാറ്റമില്ല. സമരത്തിന് ബഹുജന പിന്തുണ ഏറുന്നുവെന്നാണ് കര്‍ഷക സംഘടനകളുടെ വിലയിരുത്തല്‍. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി സംബന്ധിച്ച് ഡല്‍ഹി പൊലീസ് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തി. റാലി നടത്താന്‍ ഡല്‍ഹി നഗരത്തിലെ വഴി ഒഴിവാക്കി മറ്റൊന്ന് പൊലീസ് നിര്‍ദ്ദേശിച്ചെങ്കിലും കര്‍ഷക സംഘടനകള്‍ വഴങ്ങിയില്ല. ട്രാക്ടര്‍ റാലി നേരത്തെ തീരുമാനിച്ചതനുസരിച്ച് തന്നെ നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.