'പ്രായപൂര്‍ത്തിയാകാത്ത രണ്ട് വ്യക്തികള്‍ തമ്മിലുള്ള യഥാര്‍ഥ സ്നേഹത്തെ നിയമം മൂലം നിയന്ത്രിക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

'പ്രായപൂര്‍ത്തിയാകാത്ത രണ്ട് വ്യക്തികള്‍ തമ്മിലുള്ള യഥാര്‍ഥ സ്നേഹത്തെ നിയമം മൂലം നിയന്ത്രിക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത രണ്ട് വ്യക്തികള്‍ തമ്മിലുള്ള യഥാര്‍ഥ സ്നേഹത്തെ നിയമം മൂലമോ ഭരണകൂട നടപടികളിലൂടെയോ നിയന്ത്രിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്തവര്‍ വിവാഹിതരാകുമ്പോള്‍ ആണ്‍കുട്ടിക്ക് എതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്ന മാതാപിതാക്കളുടെ നടപടി അവരുടെ ദാമ്പത്യ ബന്ധത്തെ വിഷലിപ്തമാക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് രാഹുല്‍ ചതുര്‍ വേദിയുടെ ബെഞ്ച് നിരീക്ഷിച്ചു.

മകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു എന്ന കേസിലെ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കുന്നതിനിടെയാണ് ജസ്റ്റിസ് ചതുര്‍വേദി സുപ്രധാന നിരീക്ഷണം നടത്തിയത്. നിയമത്തോടുള്ള ബഹുമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ വിവാഹം കഴിക്കുകയും സമാധാനപരമായ ജീവിതം നയിക്കുകയും കുടുംബം നന്നായി കൊണ്ടുപോവുകയും ചെയ്യുന്ന കൗമാരക്കാരായ ദമ്പതികള്‍ക്കെതിരെ ഭരണകൂടവും പൊലീസും സ്വീകരിക്കുന്ന നടപടിയെ പലപ്പോഴും ന്യായീകരിക്കാന്‍ കഴിയാതെ വരുമെന്നും കോടതി ചൂ്ണ്ടിക്കാട്ടി.

ഇത്തരത്തിലുള്ള എല്ലാ കേസുകളിലും ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം പ്രണയത്തിലായിരുന്നുവെന്നും അതേത്തുടര്‍ന്ന് പെണ്‍കുട്ടികള്‍ സ്വമേധയാ വീടുവിട്ടിറങ്ങി പോവുകയായിരുന്നുവെന്നും കോടതി പറഞ്ഞു. വിവാഹ പ്രായം ആകുന്നതോടെ നിയമപരമായി ഇവര്‍ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങള്‍ ആണ്‍കുട്ടികള്‍ ക്രിമിനല്‍ നടപടിക്രമണങ്ങള്‍ നേരിടേണ്ടി വരുന്നത് ദമ്പതികളെ ഉപദ്രവിക്കുകയല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. പലപ്പോഴും ഇവര്‍ക്ക് ഒന്നോ രണ്ടോ കുട്ടികളും ഉണ്ടാവാം. അത്തരം സാഹചര്യത്തില്‍ കുട്ടികളോടും കാണിക്കുന്ന അനീതിയാണെന്നും കോടതി വിലയിരുത്തി.

പ്രായപൂര്‍ത്തിയാകാതെ വിവാഹം കഴിച്ചു എന്ന കേസില്‍ ക്രിമിനല്‍ നടപടികള്‍ നേരിടുന്ന മൂന്ന് ആണ്‍കുട്ടികള്‍ക്കുമെതിരെയുള്ള എഫ്ഐആര്‍ കോടതി റദ്ദാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.