മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടനെ തന്റെ ശബ്ദം കൊണ്ട് വിറപ്പിച്ച പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്ക് ആദരാഞ്ജലിയർപ്പിച്ച് ലോകം. യൂറോപ്പിലും യു.എസിലും റഷ്യൻ എംബസികൾക്ക് സമീപം വൻ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. റഷ്യയുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം അരങ്ങേറി. നൂറുകണക്കിന് പ്രതിഷേധക്കാരെ വിവിധ നഗരങ്ങളിൽ തടഞ്ഞുവെച്ചു.
തീവ്രവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന കുറ്റത്തിന് ആർട്ടിക് പ്രദേശത്തെ പീനൽ കോളനി ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ വെള്ളിയാഴ്ച നവൽനി കുഴഞ്ഞ് വീണ് മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം.
റഷ്യയിൽ മോസ്കോയുൾപ്പെടെയുള്ള നഗരങ്ങളിൽ പൂക്കളും ഹാരങ്ങളുമായി നൂറ് കണക്കിന് പേരാണ് നവൽനിക്ക് പ്രണാമം അർപ്പിക്കാൻ എത്തിയത്. പ്രതിഷേധം പ്രകടിപ്പിച്ച ഇരുന്നൂറിലേറെ പേരെ കസ്റ്റഡിയിലെടുത്തു. യു.എസിൽ ന്യൂയോർക്കിലും വാഷിങ്ടണിലും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലും പലയിടത്തായി അനുശോചന സമ്മേളനങ്ങൾ നടന്നു. പങ്കെടുത്തവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരായിരുന്നു. പുടിനെതിരേയുള്ള പ്ലക്കാർഡുകളുമായി റഷ്യക്കാരും റഷ്യൻ വംശജരും പ്രതിഷേധത്തിൽ പങ്കെടുത്തു. പുടിൻ കൊലയാളിയാണ്, അദേഹത്തെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സ്വിറ്റ്‌സർലൻഡിലെ യു.എൻ. ഓഫീസിനുമുന്നിലും ആളുകൾ തടിച്ചുകൂടി. ഇംഗ്ളണ്ടിൽ റഷ്യൻ എംബസിക്കുമുന്നിൽ പ്രതിഷേധമുണ്ടായി. അർമേനിയ ഫ്രാൻസ്, ബെൽജിയം, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധം നടന്നു.
നവൽനിയുടെ മരണം സ്ഥിരീകരിച്ച് അനുയായികൾ
അലക്സി നവൽനിയുടെ മരണം അദേഹത്തിന്റെ അനുയായികൾ സ്ഥിരീകരിച്ചു. നവൽനിയുടെ അമ്മ ലുഡ്മിളയ്ക്കു ലഭിച്ച രേഖ പ്രകാരം സൈബീരിയയിലെ ജയിലിൽ പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് 2.17നാണ് മരണം സംഭവിച്ചത്.
പ്രസിഡന്റ് പുടിനാണ് നവൽനിയെ വധിക്കാൻ ഉത്തരവിട്ടതെന്ന് കരുതുന്നതായി നവൽനിയുടെ വനിതാ വക്താവ് കിരാ യാർമിഷ് ആരോപിച്ചു. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കാതെ പിടിച്ചുവച്ചിരിക്കുകയാണെന്നും വക്താവ് ആരോപിച്ചു. നവൽനിയുടെ അമ്മയും അഭിഭാഷകനും സെബീരിയയിലെ മോർച്ചറിയിലെത്തിയെങ്കിലും അവിടെ മൃതദേഹം ഉണ്ടായിരുന്നില്ല. മൃതദേഹം ഉടൻ ബന്ധുക്കൾക്കു കൈമാറണമെന്ന് വക്താവ് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.