ദുബായ്: എമിറേറ്റിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകുന്ന മെട്രോ ബ്ലൂലൈൻ പദ്ധതി ഈ വർഷം ആരംഭിക്കും. ദുബായ് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ താഇറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം നേരത്തേ പദ്ധതിക്ക് അനുമതി നൽകിയിരുന്നു.
നിലവിലുള്ള റെഡ്, ഗ്രീൻ ലൈനുകളുമായി ബന്ധിപ്പിച്ച് നിർമിക്കുന്ന പാത 30 കി.മീറ്റർ നീളമുള്ളതാണ്. 15.5 കി.മീറ്റർ പാത ഭൂമിക്കടിയിലും 14.5 കി.മീറ്റർ പാത മുകളിലൂടെയുമാണ് കടന്നുപോവുക. 2029ൽ പ്രവർത്തനസജ്ജമാകുന്ന മെട്രോ ലൈൻ പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗത മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. പാതയുടെ നിർമാണത്തിന് 1800 കോടി ദിർഹം ചെലവാണ് പ്രതീക്ഷിക്കുന്നത്. ഭൂമിക്കടിയിൽ 70 മീറ്റർ ആഴത്തിലായിരിക്കും പാത നിർമിക്കുക.
2028ൽ പരിക്ഷണയോട്ടവും 2029ൽ ഔദ്യോഗികമായി ഓപറേഷൻ തുടങ്ങാനുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മൊത്തം മെട്രോ ശൃംഖല 78 സ്റ്റേഷനുകളും 168 ട്രെയിനുകളുമുള്ള 131 കിലോമീറ്റർ റെയിൽവേ ലൈനാകും. നഗരത്തിലെ ജനസംഖ്യ വർധനക്ക് അനുസൃതമായി ആസൂത്രണംചെയ്ത് ബ്ലൂലൈൻ പദ്ധതി 10 ലക്ഷം താമസക്കാർക്ക് യാത്രസൗകര്യം എളുപ്പമാക്കുന്നതാണെന്നും മതാർ അൽ താഇർ വെളിപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.