മെല്‍ബണില്‍ സഹോദരന്റെ മൃതദേഹത്തോടൊപ്പം വയോധിക കഴിഞ്ഞത് അഞ്ചു വര്‍ഷം; അയല്‍വാസികള്‍ പോലുമറിഞ്ഞില്ല

മെല്‍ബണില്‍ സഹോദരന്റെ മൃതദേഹത്തോടൊപ്പം വയോധിക കഴിഞ്ഞത് അഞ്ചു വര്‍ഷം; അയല്‍വാസികള്‍ പോലുമറിഞ്ഞില്ല

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മൃതദേഹത്തോടൊപ്പം അഞ്ച് വര്‍ഷം ജീവിച്ച് എഴുപതുകാരി. ന്യൂടൗണില്‍ താമസിക്കുന്ന സ്ത്രീയാണ് സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം അഞ്ച് വര്‍ഷം രാവും പകലും കഴിഞ്ഞത്. സമ്പന്നരായ ആളുകള്‍ താമസിക്കുന്ന, ഒന്‍പത് കോടിയോളം രൂപ സ്ഥലത്തിന് വിലമതിക്കുന്ന പ്രദേശത്താണ് ഇത്രയും വര്‍ഷം ആരോരുമറിയാതെ വയോധിക അസ്ഥികൂടം മാത്രമായ മൃതദേഹത്തോടൊപ്പം ജീവിച്ചത്.

മറ്റൊരു കേസില്‍ ഇവരെ അറസ്റ്റ് ചെയ്തിനു ശേഷമുള്ള അന്വേഷണത്തിന് പിന്നാലെയാണ് ഭയാനകമായ ഈ കണ്ടെത്തല്‍ പൊലീസ് നടത്തിയത്. ചപ്പുചവറുകള്‍, എലികള്‍, ചീഞ്ഞളിഞ്ഞ ഭക്ഷണം, വിസര്‍ജ്ജ്യം എന്നിവയൊക്കെ ആ വീടിനുള്ളിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വെറും അസ്ഥി മാത്രമായി മൃതദേഹം മാറിയിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് ഓസ്‌ട്രേലിയയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇങ്ങനെ ഒരു മൃതദേഹത്തിനൊപ്പം വൃത്തിഹീനമായ സാഹചര്യത്തില്‍ ഒരാള്‍ കഴിഞ്ഞത് അയല്‍വാസികള്‍ പോലും അറിഞ്ഞില്ല എന്നത് അത്ഭുതമായി തോന്നുന്നതായി പ്രദേശവാസികള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, വീടിനെ ചുറ്റിപ്പറ്റി എന്തൊക്കെയോ ദുരൂഹതകളുണ്ടായിരുന്നു. പലവട്ടം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അധികൃതരോട് അയല്‍വാസികള്‍ പരാതികളും പറഞ്ഞിരുന്നു. എന്നാല്‍, ആരും അത് ഗൗനിച്ചില്ലെന്ന് അയല്‍ക്കാര്‍ ആരോപിച്ചു.

ഇങ്ങനെ ഒരാള്‍ അതിനകത്ത് മരിച്ചു കിടന്നത് അറിയാത്തതില്‍ അധികൃതര്‍ക്കും പിഴവു പറ്റിയിട്ടുണ്ടെന്നും മരിച്ചുപോയ മനുഷ്യന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും മാപ്പ് ചോദിക്കുന്നുവെന്നും വിക്ടോറിയ പൊലീസ് പറഞ്ഞു. അതേസമയം ഇവരുടെ സഹോദരന്റെ മരണകാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.