കൊച്ചി: ആലപ്പുഴയും കണ്ണൂരുമൊഴികെ കോണ്‍ഗ്രസിന്റെ മറ്റ് മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാര്‍ തന്നെ മത്സരിക്കും. എഐസിസി നേതൃത്വം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. ആലപ്പുഴ, കണ്ണൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഹൈക്കമാന്‍ഡ് തീരുമാനിക്കും.
സിറ്റിങ് എംപിമാര്‍ എല്ലാവരും തന്നെ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. യുഡിഎഫില്‍ ഘടകക ക്ഷികളില്‍ സീറ്റ് ധാരണയായ കോട്ടയത്ത് കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജിനെയും കൊല്ലത്ത് ആര്‍എസ്പി സിറ്റിങ് എംപിയായ എന്‍.കെ പ്രേമചന്ദ്രനെയും നേരത്തെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചിരുന്നു.
മൂന്ന് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന മുസ്ലിം ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചയാണ് ഇനി തീരാനുള്ളത്. എന്നാല്‍ മൂന്ന് സീറ്റ് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തീകരിക്കാന്‍ കാത്തിരിക്കേണ്ടതില്ലെന്നും സിറ്റിങ് എംപിമാര്‍ പ്രചാരണത്തിനിറങ്ങാനും നിര്‍ദേശം ലഭിച്ചത്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തൃശൂരിലെത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ നിര്‍ദേശിക്കുന്നതിനായി ഉപസമിതി രൂപീകരിച്ചിരുന്നു. ക്ലസ്റ്റര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് ചൗധരി ഉപസമിതി അംഗങ്ങളോട് ഓരോ മണ്ഡലത്തിലും മത്സരിക്കുന്നതിന് സാധ്യതയുളളവരുടെ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം വരെ ആരംഭിച്ച സ്ഥിതിക്ക് ഇനി ആരുടെ പേര് നിര്‍ദേശിക്കുമെന്നതാണ് ഉപസമിതി അംഗങ്ങള്‍ ചോദിക്കുന്നത്. കണ്ണൂരില്‍ കെപിപിസി അധ്യക്ഷന്‍ കൂടിയായ കെ. സുധാകരന്‍ മത്സരത്തിനില്ലെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നു.
ഇതോടെ കണ്ണൂരില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമെന്നാണ് സൂചന. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്ക്യൂഷന്‍ ടി. ആസിഫലി, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി. അബ്ദുള്‍ റഷീദ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന.
ഇതിനിടെ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കെ. സുധാകരന്‍ നിലപാട് മാറ്റുകയും ചെയ്തു. ആലപ്പുഴയില്‍ കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ മാത്രമാണ് പകരം മറ്റൊരാളെ പരിഗണിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.