വീണ്ടും വന്യജീവി ആക്രമണം: കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

വീണ്ടും വന്യജീവി ആക്രമണം: കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

കൊല്ലം: ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കള്‍ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ 16 ഏക്കര്‍ നിഥിന്‍ ഹൗസില്‍ നിഥിന്‍ ലോപ്പസിനെ (22) തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിമൂട് സ്വദേശി ആദിലിന് (22) നിസാര പരുക്കേറ്റു. കുളത്തൂപ്പുഴ വനാതിര്‍ത്തിക്കു സമീപത്തെ ഗ്രൗണ്ടില്‍ കളിച്ചവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. 16 ഏക്കര്‍ നെയ്ത്തു സഹകരണ സംഘത്തിന് സമീപത്തെ ഗ്രൗണ്ടില്‍ എട്ടംഗ സംഘം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ കൂട്ടം തെറ്റിയെത്തിയ കാട്ടുപോത്ത് ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തി ആക്രമിക്കുകയുമായിരുന്നു. കാട്ടുപോത്തിന്റെ വരവു കണ്ട് യുവാക്കള്‍ ചിതറി ഒാടിയെങ്കിലും പോത്ത് പാഞ്ഞടുത്ത ദിശയില്‍ നിന്ന ആദിലിനെ ആക്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന നിഥിനെയും ഇടിച്ചിടുകയായിരുന്നു.

ആദില്‍ ഒാടി രക്ഷപ്പെട്ടതോടെ നിലത്തു വീണ നിഥിനെ കാട്ടുപോത്ത് ആക്രമിച്ചു. നട്ടെല്ലിന്റെ ഭാഗത്തും കാലിലും ഗുരുതരമായി പരുക്കേറ്റ നിഥിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയാണ് തിരുവനന്തപുരത്തേക്കു കൊണ്ടു പോയത്. 13 കാട്ടുപോത്തുകളെ കല്ലടയാറിന്റെ തീരപ്രദേശമായ 16 ഏക്കറിലെ വനാതിര്‍ത്തികളില്‍ ഒരാഴ്ചയായി കണ്ടുതുടങ്ങിയിട്ടെന്ന് നാട്ടുകാര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.