ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഇന്ത്യ മുന്നണിയില്‍ അപ്രതീക്ഷിത പുരോഗതി. ഉത്തര്‍പ്രദേശിനും ഡല്‍ഹി്ക്കും പിന്നാലെ മഹാരാഷ്ട്രയിലും സീറ്റ് വിഭജനം അന്തിമ ഘട്ടത്തിലാണ്. ജമ്മു കാശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച നാഷണല്‍ കോണ്‍ഫറന്‍സിനും മനംമാറ്റം വന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിയ്ക്കെതിരെ ഇന്ത്യ മുന്നണി ഒന്നിച്ച് തിരഞ്ഞെടുപ്പ് നേരിടാനുള്ള സാധ്യതകള്‍ ഉറപ്പാക്കാന്‍ വിട്ടുവീഴ്ച മനോഭാവത്തോടെ കോണ്‍ഗ്രസ് ഇടപെടല്‍ നടത്തുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്.
പശ്ചിമ ബംഗാളില്‍ കടുംപിടുത്തം തുടരുന്ന മമതാ ബാനര്‍ജിയുമായി കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്ത് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുമായി ധാരണയിലെത്താന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശ്രമം തുടങ്ങി. ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പിലുണ്ടായ സുപ്രീം കോടതി ഇടപെടലും ബിജെപിക്കെതിരായ വിധിയും ഇരു പാര്‍ട്ടികളെയും കൂടുതല്‍ ആവേശ ഭരിതരാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ അവതാളത്തിലായ സീറ്റ് വിഭജന ചര്‍ച്ചകള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാനത്തെ 48 സീറ്റുകളില്‍ 39 എണ്ണത്തിലും മഹാരാഷ്ട്രയിലെ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ് തീരുമാനമാക്കി.
ആകെ 48 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ ഇനി ഒമ്പത് സീറ്റുകളുടെ കാര്യത്തില്‍ മാത്രമാണ് മഹാവികാസ് അഘാഡി സഖ്യം തീരുമാനമെടുക്കാനുള്ളത്. ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയെയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശരദ് പവാറിന്റെ വിഭാഗത്തെയും രാഹുല്‍ ഗാന്ധി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ക്ക് ഗതിവേഗം കൂടിയത്.
ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 17 എണ്ണത്തില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായും ഡല്‍ഹിയിലെ ഏഴില്‍ മൂന്നെണ്ണത്തില്‍ ആം ആദ്മി പാര്‍ട്ടിയുമായും കോണ്‍ഗ്രസ് ഇതിനകം ധാരണയുണ്ടാക്കിയട്ടുണ്ട്. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ ചര്‍ച്ചയ്ക്ക് ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇടയില്‍ രാഹുല്‍ ഗാന്ധി സമയം കണ്ടെത്തിയതും ഉദ്ദവ് താക്കറെയോട് ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ച് സമവായത്തിലെത്തിയതും.
ഇന്ത്യ സഖ്യകക്ഷികള്‍ക്ക് ഒമ്പത് സീറ്റുകളിലാണ് അഭിപ്രായ ഭിന്നത ഇപ്പോഴുള്ളത്. മുംബൈ സൗത്ത് സെന്‍ട്രലും നോര്‍ത്ത് വെസ്റ്റും ഉള്‍പ്പെടെ എട്ട് സീറ്റുകളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. മുംബൈയിലെ രണ്ട് സീറ്റുകളില്‍ ഉദ്ധവ് താക്കറെയുടെ ശിവസേനയും കോണ്‍ഗ്രസും തമ്മില്‍ അവകാശ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
തങ്ങള്‍ക്ക് അഞ്ച് സീറ്റ് വേണമെന്ന വഞ്ചിത് ബഹുജന്‍ അഘാഡി മേധാവി പ്രകാശ് അംബേദ്കറുടെ അവകാശ വാദവും ചര്‍ച്ചകളുടെ പുരോഗതിയെ ബാധിച്ചു. 2019 ലെ തിരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്കറുടെ പാര്‍ട്ടി 47 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒന്നില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാനായിരുന്നില്ല.
ശിവസേനയാകട്ടെ പിളര്‍പ്പിന് മുമ്പ് നടന്ന 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച 23 ലോക്സഭാ സീറ്റുകളില്‍ 18 ലും ജയിച്ചിരുന്നു. 25 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് ഒറ്റ സീറ്റ് മാത്രമാണ് കിട്ടിയത്. എന്‍സിപിയ്ക്കാകട്ടെ 19 സീറ്റില്‍ മല്‍സരിച്ചിട്ട് നാല് സീറ്റാണ് കിട്ടിയത്. ബിജെപി 25 ല്‍ 23 സീറ്റിലും സംസ്ഥാനത്ത് വിജയിച്ചിരുന്നു.
നിലവില്‍ ശിവസേനയും എന്‍സിപിയും പിളര്‍ന്ന് രണ്ടായതും രണ്ട് പാര്‍ട്ടികളുടേയും ഒരു വിഭാഗം എന്‍ഡിഎയ്ക്ക് ഒപ്പമുള്ളതിനാലും സീറ്റ് വിഭജനത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലും കോണ്‍ഗ്രസ് തികഞ്ഞ സംയമനത്തോടെയാണ് നിര്‍ണായക ഇടപെടലുകള്‍ നടത്തുന്നത്.
മഹാരാഷ്ട്രയുടെ കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് കണ്ടതോടെ ഉടക്കി നില്‍ക്കുന്ന മമതാ ബാനര്‍ജിയെ അനുനയിപ്പിച്ച് ബംഗാളിലെ കാര്യം കൂടി ഇന്ത്യ മുന്നണിയ്ക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
സംസ്ഥാനത്തെ 42 സീറ്റുകളില്‍ രണ്ടെണ്ണം മാത്രമേ കോണ്‍ഗ്രസിന് നല്‍കൂവെന്ന ബംഗാള്‍ മുഖ്യമന്ത്രിയുടെ നിലപാടില്‍ വഴങ്ങാതെ ചര്‍ച്ചകള്‍ കഴിഞ്ഞ മാസം അവസാനിപ്പിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തിട്ടുണ്ട്.
പരാജയപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ മമത ബാനര്‍ജിയുടെ തൃണമൂലുമായി കോണ്‍ഗ്രസ് ബന്ധപ്പെടുകയും ചെയ്തു. നേരത്തെ ചോദിച്ച സീറ്റുകളില്‍ വിട്ടുവീഴ്ച വരുത്തി അഞ്ച് സീറ്റ് എന്ന നിലയിലേക്ക് കോണ്‍ഗ്രസ് കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.