ഗായത്രി ദേവിയിൽ നിന്നും സിസ്റ്റർ ജിസ് മേരിയിലേക്ക്

ഗായത്രി ദേവിയിൽ നിന്നും സിസ്റ്റർ ജിസ് മേരിയിലേക്ക്

ടപ്പള്ളി സ്വദേശിനിയായ സിസ്റ്റർ ജിസ് മേരിക്ക് ഗായത്രി ദേവിയിൽ നിന്ന് സന്യാസ ജീവിതതത്തിലേക്കുള്ള യാത്ര അത്ര എളുപ്പമല്ലായിരുന്നില്ല. ജാതക ദോഷത്തിന്റെ പേരിൽ എല്ലാവരിൽ നിന്നും ഒറ്റപ്പെടൽ നേരിടേണ്ടി വന്ന അവസ്ഥയിലാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് പ്രവേശിച്ച് സന്യാസിനിയായി ജീവിതം ആരംഭിച്ചത്. ഹിന്ദു സമുദായത്തിൽ ജനിച്ച് ആചാരങ്ങൾ പിന്തുടർന്ന് വളർന്ന ​ഗായത്രി ദേവി ഇപ്പോൾ അ​ഗതികളുടെ സന്യാസിനി സമൂഹത്തിലെ അം​ഗമാണ്.

ജാതക ദോഷം നിമിത്തം വീട് ദാരിദ്ര്യത്തിൽ തകരുമെന്ന വിശ്വാസം ഗായത്രിയെ പ്രത്യേക മാനസിക അവസ്ഥയിലേക്ക് എത്തിച്ചു. ഇടപ്പള്ളിയിൽ നിന്ന് വീട് വിറ്റ് മറ്റൊരു സ്ഥലത്ത് വാടക വീട്ടിൽ താമസം ആരംഭിച്ചു. എന്നാൽ അവിടെയും അസ്വസ്ഥതകൾ ബാക്കിയായിരിന്നു. ക്രിസ്ത്യാനികളായിരുന്നു ​ഗായത്രിയുടെ അയൽക്കാർ.

അവർ യേശു നാമത്തിൽ ഉറക്കെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ ഗായത്രിക്ക് ദൈവത്തോടുള്ള എതിർപ്പ് വർധിച്ചു. ഉറക്കെ പ്രാർത്ഥിച്ചാൽ മാത്രമേ ദൈവം വിളി കേൾക്കുകയെയുള്ളൂവെന്ന് ചിന്തിച്ചു. അത് ആ അയൽക്കാരോട് ചോദിക്കുകയും ചെയ്തു. ഡിവൈനിൽ പോയി ഒരാഴ്ച ധ്യാനം കൂടൂ പ്രാർത്ഥിച്ചാൽ കാര്യമുണ്ടോയെന്ന് അപ്പോൾ മനസിലാകും എന്നായിരുന്നു മറുപടി.

അതാണ് ​ഗായത്രിയുടെ ജീവിതം മാറ്റിമറിച്ചത്. ധ്യാനത്തിന് പോകണം എന്ന് മാതാപിതാക്കളെ അറിയിച്ചു. രൂക്ഷമായ എതിർപ്പായിരുന്നു ആദ്യ പ്രതികരണം. എന്നാൽ പതിയെ അവർ അയഞ്ഞു. അങ്ങനെയെങ്കിലും കുടുംബത്ത് സ്വസ്ഥത വരികയാണെങ്കിൽ അങ്ങനെ എന്ന ചിന്തയോടെ ​ഗായത്രിയെ ഡിവൈനിലേക്ക് അയച്ചു. ആദ്യ മൂന്നു ദിവസങ്ങളിൽ ഉറക്കവും ഭക്ഷണവുമായി കഴിച്ചുകൂട്ടിയ ഗായത്രിയുടെ ജീവിതത്തിൽ നിർണ്ണായകമായി മാറിയത് നാലാമത്തെ ദിവസമായിരിന്നു. ധ്യാന ശുശ്രൂഷയ്ക്കിടെ ഗായത്രി എനിക്ക് നിന്നെ വേണം, നീ എൻറേതാണ് എന്ന അശരീരി കേട്ടു. ഈ സമയത്ത് മനസിൽ നിറഞ്ഞ ദൃശ്യങ്ങൾ യേശുവിന്റെ പീഡാസഹനങ്ങൾ ആയിരിന്നു.

എല്ലാവരിൽ നിന്നും ഒറ്റപ്പെടുത്തൽ ഏറ്റുവാങ്ങേണ്ടി വന്ന ഗായത്രിക്ക് ആ വാക്കുകൾ നൽകിയ പ്രതീക്ഷ ചെറുതല്ലായിരിന്നു. ഇത് അവളെ മാറ്റിമറിക്കുകയായിരിന്നു. ധ്യാനത്തിന്റെ അവസാന രണ്ട് ദിവസങ്ങളിൽ ഈശോയേ അടുത്തറിയാനും വചനത്തിന്റെ പൊരുൾ മനസിലാക്കുവാനും സാധിച്ചു.

വീട്ടിൽ തിരിച്ചെത്തിയ ഗായത്രിയുടെ ജീവിതത്തിൽ ഉണ്ടായ മാറ്റം എല്ലാവരെയും അതിശയിപ്പിച്ചു. അധികം വൈകാതെ മാമോദീസ സ്വീകരിക്കണം എന്ന ആവശ്യം വീട്ടിൽ അറിയിച്ചു. എതിർപ്പുമായി മാതാപിതാക്കൾ രംഗത്ത് വന്നെങ്കിലും മകളുടെ സ്വഭാവത്തിൽ വന്ന മാറ്റത്തെ പ്രതി അവർ വിട്ടുകൊടുത്തു. അങ്ങനെ ഇടപ്പള്ളി പോണേക്കര സെൻറ് സേവ്യേഴ്സ് ദേവാലയത്തിൽവെച്ച് ജ്ഞാനസ്നാനം സ്വീകരിച്ച് ജിസ് മേരിയായി.

ഈശോയേ ചേർത്ത് പിടിച്ചുള്ള ജീവിതത്തിൽ അതിയായ ആഹ്ലാദം കണ്ടെത്തിയ ​ഗായത്രി ഫാർമസിസ്റ്റായി ജോലി ചെയ്ത് കൊണ്ടിരുന്നപ്പോഴാണ് സന്യാസ ജീവിതത്തിലേക്ക് കടന്ന് വരുവാൻ തീരുമാനിക്കുന്നത്. കൈയിൽ ഉണ്ടായിരിന്ന സ്വർണ്ണമെല്ലാം വിറ്റ് ഒരു മാലയാക്കി മാറ്റി അത് അമ്മയെ ഏൽപ്പിച്ച ശേഷമാണ് വിഷയം അറിയിച്ചത്.

ജിസ് മേരിയുടെ പ്രഥമ വ്രതവാഗ്ദാനത്തിന് മൂന്ന് മാസം മുൻപ് ആ മാതാപിതാക്കളും സഹോദരനും ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്ന് വന്നു. സിസ്റ്റർ ജിസ് മേരി സന്യാസ ജീവിതത്തിൽ പ്രവേശിച്ചതിന് ശേഷം പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും പാതയിലാണ്. ഗായത്രി ദേവിയിൽ നിന്ന് സിസ്റ്റർ ജിസ്‌മേരിയിലേക്കുള്ള യാത്ര അത്ര എളുപ്പമല്ലായിരുന്നുവെന്നും ക്രിസ്തുവിന് വേണ്ടി ജീവിക്കുന്നതിനേക്കാൾ വലിയ സന്തോഷം തനിക്കില്ലെന്നും സിസ്റ്റർ ജിസ് മേരി പറയുന്നു.









വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.