ആനി രാജ, പന്ന്യന്‍ രവീന്ദ്രന്‍, സുനില്‍ കുമാര്‍, അരുണ്‍ കുമാര്‍: സിപിഐ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

ആനി രാജ, പന്ന്യന്‍ രവീന്ദ്രന്‍, സുനില്‍ കുമാര്‍, അരുണ്‍ കുമാര്‍: സിപിഐ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ നാല് സിപിഐ സ്ഥാനാര്‍ഥികളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തെ പുറത്തു വന്നത് പോലെ തന്നെയാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥി പട്ടിക.

വയനാട്ടില്‍ ദേശീയ നേതാവ് ആനി രാജയും തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനും സ്ഥാനാര്‍ത്ഥിയാകും. തൃശൂരില്‍ മുന്‍മന്ത്രി വി.എസ് സുനില്‍കുമാറും മാവേലിക്കരയില്‍ സി.എ അരുണ്‍ കുമാറും സ്ഥാനാര്‍ത്ഥിയാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തെ തന്നെ സിപിഐ സീറ്റുകളില്‍ മല്‍സരിക്കുന്നവരുടെ പട്ടിക പുറത്തു വന്നിരുന്നു.

തിരുവനന്തപുരത്ത് മൂന്നാം സ്ഥാനമെന്ന നാണക്കേട് മറികടക്കാന്‍ മുതിര്‍ന്ന നേതാവിനെ ഇറക്കാന്‍ സിപിഐ തീരുമാനിച്ചതും നിര്‍ണായക നീക്കമാണ്. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ തിരുവനന്തപുരത്ത് മല്‍സരിപ്പിക്കാനുള്ള ജില്ലാ കമ്മിറ്റി നിര്‍ദേശം ചര്‍ച്ചകള്‍ക്കൊടുവില്‍ പന്ന്യനും പാര്‍ട്ടിയും അംഗീകരിക്കുകയായിരുന്നു.

കോണ്‍ഗ്രസിന്റെ അഖിലേന്ത്യ മുഖമായ രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമായ വയനാട് ദേശീയ നേതൃത്വത്തില്‍ നിന്ന് തന്നെ ആളെ ഇറക്കാനും പാര്‍ട്ടി തീരുമാനിച്ചു. സിപിഐ നേതൃത്വത്തിന്റെ ഇടപെടലില്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തിരുവനന്തപുരത്ത് മത്സരിക്കാമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ സമ്മതിച്ചതെന്നതും പ്രധാനപ്പെട്ട കാര്യമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.