പ്രധാന മന്ത്രി ഇന്ന് തിരുവനന്തപുരത്ത്: കേരള പദയാത്ര സമാപനത്തില്‍ പങ്കെടുക്കും; രണ്ട് ദിവസം ഗതാഗത നിയന്ത്രണം

പ്രധാന മന്ത്രി ഇന്ന് തിരുവനന്തപുരത്ത്: കേരള പദയാത്ര സമാപനത്തില്‍ പങ്കെടുക്കും; രണ്ട് ദിവസം ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്തെത്തും. അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ രാവിലെ 10.30 ന് എത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോകും. വി.എസ്.എസ്.സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

തുടര്‍ന്ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര തിരിക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഉണ്ടാവും. ഇന്ന് രാവിലെ മുതല്‍ ഉച്ച വരെയും നാളെ 11 മുതല്‍ ഉച്ച വരെയുമാണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പുലര്‍ച്ചെ അഞ്ച് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകുക. എയര്‍പോര്‍ട്ട്-ശംഖുമുഖം-കൊച്ചുവേളി-പൗണ്ട്കടവ് വരെയുള്ള റോഡിലും ഓള്‍സെയിന്‍സ്-പേട്ട-ആശാന്‍ സ്‌ക്വയര്‍-പാളയം-സ്റ്റാച്യൂ-പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടറിയേറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലുമാണ് പ്രധാനമായും ഗതാഗത നിയന്ത്രണമുണ്ടാകുക. ഈ സ്ഥലങ്ങളില്‍ റോഡുകള്‍ക്ക് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.

നാളെ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഗതാഗത നിയന്ത്രണം. എയര്‍പോര്‍ട്ട്-ശംഖുമുഖം-ചാക്ക-ഈഞ്ചക്കല്‍ റോഡിലാണ് അന്നേ ദിവസം ഗതാഗത നിയന്ത്രണമുണ്ടായിരിക്കുക. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. അത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും.

എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാരടക്കം മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണം. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം-ചാക്ക ഫ്‌ളൈ ഓവര്‍-ഈഞ്ചക്കല്‍ കല്ലുംമൂട്-വലിയതുറ വഴി തിരഞ്ഞെടുക്കണം. ഇന്‍ര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാരാണെങ്കില്‍ വെണ്‍പാലവട്ടം-ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചക്കല്‍ അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് തിരഞ്ഞെടുക്കാവുന്നതാണ്.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതുപരിപാടിക്കായി എത്തുന്ന വാഹനങ്ങള്‍ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കിയ ശേഷം വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ടിലോ കോവളം ബൈപ്പാസില്‍ ഈഞ്ചക്കല്‍ മുതല്‍ തിരുവല്ലം വരെയുള്ള റോഡിന്റെ വശങ്ങളിലോ പാര്‍ക്ക് ചെയ്യേണ്ടതാണെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഇന്നും നാളെയും രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ ഡ്രോണ്‍ പറത്തുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.