കണ്ണൂര്‍: കേരളത്തിന്റെ വന്ദേ ഭാരത് എക്‌സ്പ്രസ് മംഗലാപുരത്തേക്ക് നീട്ടുന്നതോടെ മലബാര്‍ മേഖലയില്‍ തെളിയുന്നത് വന്‍ സാധ്യതകളെന്നാണ് സൂചന. സ്‌പെയര്‍ റേക്ക് ഉപയോഗിച്ച് പുതിയ സര്‍വീസിന് അവസരമൊരുങ്ങും എന്നതിന് പുറമെ കാസര്‍കോട് സ്റ്റേഷനില്‍ ഒഴിയുന്ന മൂന്നാം പ്ലാറ്റ്ഫോം ഉപയോഗിച്ച് പുതിയ ട്രെയിനുകള്‍ ഇവിടേക്ക് എത്തിക്കാനും കഴിയും.
അതോടെ മലബാറിലെ ട്രെയിന്‍ യാത്രാ ദുരിതത്തിന് പരിഹാരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് കാസര്‍കോട്ടെ മൂന്നാം പ്ലാറ്റ്ഫോമിലാണ് നിര്‍ത്തുന്നത്. ഇത് മംഗളൂരുവിലേക്ക് നീട്ടുമ്പോള്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ കാസര്‍കോടേക്ക് നീട്ടാന്‍ കഴിയും. കണ്ണൂര്‍ എക്‌സിക്യൂട്ടീവ്, കോയമ്പത്തൂര്‍ എക്‌സ്പ്രസ് എന്നിവ കാസര്‍കോടേക്ക് നീട്ടുകയാണെങ്കില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് ഭാഗങ്ങളിലുള്ള യാത്രക്കാര്‍ക്ക് ഇത് ഉപകരാപ്പെടും.
കണ്ണൂരില്‍ നിര്‍ത്തിയിടുന്ന ട്രെയിനുകള്‍ കാസര്‍കോടേക്ക് നീട്ടുമ്പോള്‍ കണ്ണൂരില്‍ ഒഴിവ് വരുന്ന ലൈനിലേക്ക് നിലവില്‍ കോഴിക്കോട് യാത്ര അവസാനിപ്പിക്കുന്ന ഷൊര്‍ണൂര്‍-കോഴിക്കോട് എക്‌സ്പ്രസ് നീട്ടാനും കഴിയും. രാത്രി 7:25 ന് നേത്രാവതി എക്‌സ്പ്രസ് കണ്ണൂരിലെത്തിയാല്‍ പിന്നീട് കാസര്‍കോടേക്ക് ഒരു പ്രതിദിന ട്രെയിന്‍ എത്താന്‍ എട്ട് മണിക്കൂര്‍ കാത്തിരിക്കണം. പുലര്‍ച്ചെ 2:30 ന് ചെന്നൈ-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസാണ് പിന്നീടുള്ള ട്രെയിന്‍.
രാത്രി എട്ടരയോടെ കണ്ണൂരിലെത്തുന്ന കോയമ്പത്തൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് നിലവിലെ സാഹചര്യത്തില്‍ കാസര്‍കോട്ടേക്ക് നീട്ടാന്‍ കഴിയും. രാവിലെ ആറിന് കണ്ണൂരില്‍ നിന്നാണ് രാവിലെ ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്. ഇത് കാസര്‍കോട് നിന്ന് 4:30 ന് പുറപ്പെടാനും കഴിയും. ഇതേപോലെ രാത്രി 12:30 ഓടെ കണ്ണൂരിലെത്തുന്ന ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവും കാസര്‍കോടേക്ക് നീട്ടാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.