വീഞ്ഞില്‍ വിഷം കലര്‍ത്തി വിശുദ്ധ കുര്‍ബാന മധ്യേ വൈദികനെ വധിക്കാന്‍ ശ്രമം; പിന്നില്‍ ഇറ്റാലിയന്‍ മാഫിയാ സംഘം

വീഞ്ഞില്‍ വിഷം കലര്‍ത്തി വിശുദ്ധ കുര്‍ബാന മധ്യേ വൈദികനെ വധിക്കാന്‍ ശ്രമം; പിന്നില്‍ ഇറ്റാലിയന്‍ മാഫിയാ സംഘം

റോം: ഇറ്റലിയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞില്‍ രാസവസ്തു കലര്‍ത്തി വൈദികനെ അപായപ്പെടുത്താന്‍ ലഹരി മാഫിയാ സംഘത്തിന്റെ ശ്രമം. ഫെബ്രുവരി 24-നു നടന്ന പരിശുദ്ധ കുര്‍ബാനയ്ക്കിടയിലാണ് ഇടവക ജനങ്ങളെയും വൈദിക സമൂഹത്തെയും ആശങ്കയിലാഴ്ത്തിയ സംഭവമുണ്ടായത്. കാസയില്‍ നിന്ന് അസ്വാഭാവികമായ മണം ഉയര്‍ന്നതിനെ തുടര്‍ന്ന് വൈദികനുണ്ടായ സംശയമാണ് വലിയ ദുരന്തം ഒഴിവാക്കാന്‍ ഇടയായത്. 'ദി ഗാര്‍ഡിയന്‍', ന്യൂയോര്‍ക്ക് പോസ്റ്റ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് വൈദികനു നേരെയുള്ള വധശ്രമത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിബോ വലെന്റിയ പ്രവിശ്യയിലെ സാന്‍ നിക്കോള ഡി ഇടവക വികാരി ഫാ. ഫെലിസ് പലമാരയെയാണ് മാഫിയാ സംഘം വധിക്കാന്‍ ശ്രമിച്ചത്. പരിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ കാസയില്‍ നിന്ന് വിചിത്രമായ മണം ഉയര്‍ന്നതിനെ തുടര്‍ന്ന് വൈദികന്‍ താല്‍ക്കാലികമായി പരിശുദ്ധ കുര്‍ബാന അര്‍പ്പണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

വീഞ്ഞില്‍ ബ്ലീച്ച് അടക്കമുള്ള രാസവസ്തുക്കള്‍ ലയിപ്പിച്ചിരുന്നതായി പിന്നീട് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ 'എന്‍ഡ്രാംഗെറ്റ' മാഫിയയ്‌ക്കെതിരേ ഉറക്കെ സംസാരിച്ചിട്ടുള്ള വൈദികനാണ് ഫാ. ഫെലിസ് പലമാര. ഇതോടെ ഈ ക്രിമിനല്‍ സംഘത്തിന്റെ കണ്ണിലെ കരടായി വൈദികന്‍ മാറി. ലഹരി മാഫിയയില്‍ നിന്ന് തനിക്ക് നിരവധി വധഭീഷണികള്‍ ലഭിച്ചതായി വൈദികന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെ രണ്ടു തവണ ഇദ്ദേഹത്തിന്റെ കാര്‍ അജ്ഞാത സംഘം നശിപ്പിച്ചിരുന്നു.

ഇപ്പോള്‍ പോലീസ് സംരക്ഷണയിലാണ് വൈദികന്‍ കഴിയുന്നത്. 'എന്റെ പ്രതികാരത്തെ സ്‌നേഹം, ക്ഷമ, കാരുണ്യം എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നു... ഞാന്‍ തടസങ്ങളില്‍ കുടുങ്ങിക്കിടക്കില്ല, ഇരുട്ടിനെ പേടിക്കില്ല' - ഫാ. ഫെലിസ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.

സംഭവത്തെ ട്രോപിയ-മിലെറ്റോ-നിക്കോട്ടെറ ബിഷപ്പ് അറ്റിലിയോ നോസ്‌ട്രോ അപലപിച്ചു. 'ഇടവകകളുടെ ക്രിസ്തീയ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്തതും ഭയപ്പെടുത്തുന്നതുമായ പ്രവൃത്തികള്‍ മൂലം രൂപത ഏറെ കഷ്ടതകള്‍ അനുഭവിക്കുന്നു. അക്രമത്തിന്റെ ഈ ഭാഷയില്‍ തളരരുതെന്ന് ക്രിസ്ത്യന്‍ സമൂഹങ്ങളോട് ഞാന്‍ അപേക്ഷിക്കുന്നു. ഞങ്ങള്‍ക്കിത് അംഗീകരിക്കാന്‍ കഴിയില്ല. വിദ്വേഷത്തോടെയും വെറുപ്പോടെയും പ്രതികരിക്കരുത്. കാരണം, അത് സമാധാനത്തിന്റെ പാതയല്ല' - ബിഷപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

ഇതേ രൂപതയിലെ മറ്റൊരു വൈദികനായ ഫാ. ഫ്രാന്‍സെസ്‌കോ പോണ്ടോറിയോയ്ക്കെതിരെയും കഴിഞ്ഞ ദിവസങ്ങളില്‍ വധഭീഷണി ഉണ്ടായിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. മാഫിയകള്‍ക്കെതിരായ പോരാട്ടം മൂലം രണ്ടു വൈദികര്‍ക്കു നേരെ ക്രിമിനല്‍ സംഘങ്ങള്‍ അതിക്രമം നടത്തിയിരുന്നു.

ഇറ്റലിയിലെ വൈദികര്‍ പോലീസ് സംരക്ഷണത്തില്‍ ജീവിക്കുന്നത് അസാധാരണമല്ല. മാഫിയയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി പോരാടുന്ന നേപ്പിള്‍സിനടുത്തുള്ള കൈവാനോയിലെ വൈദികനായ ഫാ. മൗറിസിയോ പാട്രിസിയോയ്ക്ക് രണ്ട് അംഗരക്ഷകരുണ്ട്.

യൂറോപ്പിലെ ഏറ്റവും സ്വാധീനമുള്ള ക്രിമിനല്‍ മാഫിയാ സംഘടനകളില്‍ ഒന്നാണ് എന്‍ഡ്രാംഗെറ്റ. കാലാബ്രിയയിലെ ദരിദ്രമായ പ്രദേശത്ത് നിന്നാണ് ഈ മാഫിയാ സംഘത്തിന്റെ തുടക്കം. പിന്നീട് ലോകത്തിലെ ഏറ്റവും അപകടകരമായ ക്രിമിനല്‍ സംഘടനകളിലൊന്നായി ഇത് വളര്‍ന്നു. യൂറോപ്പിലെ കൊക്കെയ്ന്‍ വിപണിയുടെ 80% വരെ നിയന്ത്രിക്കുന്നത് എന്‍ഡ്രാംഗെറ്റ എന്ന മാഫിയാ സംഘമാണെന്ന് കരുതുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.