കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ദേശീയ അസംബ്ലി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള വോട്ടെടുപ്പ് ഏപ്രില്‍ നാലിന് നടക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന കുവൈറ്റ് മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അടുത്ത ഞായറാഴ്ച ഔദ്യോഗിക ഗസറ്റില്‍ ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് പ്രസിദ്ധീകരിക്കും.
ഈ മാസം 15നാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 107 പ്രകാരം ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. ദേശീയ അസംബ്ലി അംഗം നടത്തിയ ഭരണഘടനാ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ദേശീയ അസംബ്ലി പിരിച്ചുവിട്ടാല്‍ രണ്ടു മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. ഇതു പ്രകാരമാണ് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് എളുപ്പത്തിലും സുഗമമായും വോട്ടിങ് നിര്‍വഹിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തയാറെടുപ്പുകളും വൈകാതെ പൂര്‍ത്തിയാക്കും. 2024-ലെ ദേശീയ തിരഞ്ഞെടുപ്പില്‍ 21 വയസ് തികഞ്ഞ 45,000 പൗരന്മാര്‍ കൂടി വോട്ടര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
രാജ്യത്തെ അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി ഒരു മണ്ഡലത്തില്‍ നിന്ന് 10 പേര്‍ എന്ന നിലയില്‍ 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക. കഴിഞ്ഞ ജൂണ്‍ ആറിനാണ് രാജ്യത്ത് അവസാന തെരഞ്ഞെടുപ്പ് നടന്നത്. നാലുവര്‍ഷം കാലാവധിയുള്ള ദേശീയ അസംബ്ലി ഒരു വര്‍ഷം തികയും മുമ്പാണ് പിരിച്ചുവിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.