ഹമാസിനെ ഭീകര സംഘടനയായി ന്യൂസിലൻഡ് പ്രഖ്യാപിച്ചു; ഫണ്ടുകൾ മരവിപ്പിച്ചു

ഹമാസിനെ ഭീകര സംഘടനയായി ന്യൂസിലൻഡ് പ്രഖ്യാപിച്ചു; ഫണ്ടുകൾ മരവിപ്പിച്ചു

വെല്ലിംഗ്ടൺ: ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലൻഡ്. ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഹമാസിനാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഹമാസിന്റെ ആസ്തികൾ പൂർണമായും ഇതോടെ മരവിപ്പിക്കും. ഹമാസിന് ഏതെങ്കിലും വ്യക്തിയോ സ്ഥാപനങ്ങളോ സംഘടനകളോ സഹായം കൈമാറുന്നതും അധികൃതർ നിരോധിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ ഹമാസ് നടത്തിയ ആക്രമണങ്ങൾ അതിക്രൂരമായിരുന്നുവെന്നും അവയെ ശക്തമായി അപലപിച്ചിരുന്നുവെന്നും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ വ്യക്തമാക്കി. ഇരുരാജ്യങ്ങളിലേയും സാധാരണക്കാർക്കുള്ള മാനുഷിക പിന്തുണ തുടരുമെന്ന് വ്യക്തമാക്കിയ അദേഹം നിലവിലെ പ്രഖ്യാപനം പൂർണമായും ഹമാസ് എന്ന സംഘടനയെ മാത്രം എതിർത്തു കൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി.

ഗാസയിലെ ദുരിതബാധിതരായ ജനങ്ങൾക്ക് സഹായം കൈമാറുന്നതിന് വിലക്കുകൾ ഇല്ലെന്നും, ഹമാസിനെതിരായ നീക്കം ഒരിക്കലും പലസ്തീനിലെ സാധാരണക്കാർക്ക് എതിരല്ലെന്നും അദ്ദേഹം പറയുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡിനെ 2010ൽ ന്യൂസിലൻഡ് ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

അതിനിടെ പുതിയ നിയമ നിര്‍മ്മാണത്തിന് കീഴില്‍ ഹമാസിനെയും അവരുടെ അനുകൂല സംഘടനകളെയും നിരോധിക്കുമെന്ന് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബറില്‍ നടന്ന ആക്രമണങ്ങള്‍ക്ക് കാരണക്കാരായ ഹമാസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിനെ സുരക്ഷിതമാക്കുന്നതിനും രാജ്യത്ത് തീവ്രവാദ ആക്രമണങ്ങള്‍ തടയുന്നതിനുമായാണ് നിരോധനം ലക്ഷ്യമിടുന്നത്. നിരോധനത്തിന്റെ ഭാഗമായി ഈ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരെ രാജ്യത്തു നിന്നു നാടുകടത്താനും പ്രവേശന വിലക്കുകള്‍ ഏര്‍പ്പെടുത്താനും സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.


കൂടുതൽ വായനയ്ക്ക്

ഇസ്രയേല്‍ യുദ്ധത്തിനു കാരണക്കാരായ ഹമാസിനെ നിരോധിക്കാനൊരുങ്ങി സ്വിറ്റ്സര്‍ലന്‍ഡ്; തീവ്രവാദ ആക്രമണങ്ങള്‍ തടയാനും നിയമം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.