പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ ആരോഗ്യ മന്ത്രി കേരളത്തില്‍; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കാന്‍ തിരുവനന്തപുരത്ത് കേരള-ഓസ്‌ട്രേലിയ സെല്‍

പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ ആരോഗ്യ മന്ത്രി കേരളത്തില്‍; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കാന്‍ തിരുവനന്തപുരത്ത് കേരള-ഓസ്‌ട്രേലിയ സെല്‍

തിരുവനന്തപുരം: പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ ആരോഗ്യ മന്ത്രി ആംബര്‍-ജേഡ് സാന്‍ഡേഴ്സണിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ പ്രതിനിധി സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ഓസ്‌ട്രേലിയയില്‍ കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്ക് മികച്ച അവസരമൊരുങ്ങുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഇതിനായി തിരുവനന്തപുരം കേന്ദ്രമാക്കി കേരള, ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധികളുള്‍പ്പെട്ട പ്രത്യേക സെല്‍ സ്ഥാപിക്കും. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തൊഴില്‍ വകുപ്പ് സെക്രട്ടറി, എസ്.സി. എസ്.ടി. വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്നിവര്‍ ഈ സെല്ലിലുണ്ടാകും. ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലനത്തിനും എക്‌സ്‌ചേഞ്ച് പരിപാടികള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.

വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങള്‍ കേരളത്തിലെ തൊഴിലന്വേഷകര്‍ക്ക് മുന്നിലെത്തിക്കുകയും കേരളത്തിലെ യുവതലമുറയ്ക്ക് അവിടെയുള്ള മികച്ച സര്‍വകലാശാലകളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരമൊരുക്കുകയും ചെയ്യും. അതുവഴി വെസ്റ്റേണ്‍ ഓസ്ട്രേലിയയും കേരളവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലെ ആരോഗ്യ രംഗത്ത് ധാരാളം തൊഴില്‍ സാധ്യതകളാണുള്ളത്. നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി, മെഡിക്കല്‍, അലൈഡ് ഹെല്‍ത്ത്, ദന്തല്‍ എന്നീ വിഭാഗങ്ങളിലാണ് ഓസ്‌ട്രേലിയ ജീവനക്കാരെ തേടുന്നത്. കേരളത്തിലെ നഴ്സുമാരുടെ വൈദഗ്ധ്യം, പരിചരണം, കഠിനാധ്വാനം, ആത്മാര്‍ത്ഥത, പെരുമാറ്റം എന്നിവ ലോകമെമ്പാടും പ്രശസ്തമാണ്. മികച്ച പരിശീലനം ലഭിച്ചവരായതിനാല്‍ കേരളത്തിലെ നഴ്സുമാര്‍ക്ക് ലോകമെമ്പാടും വലിയ സ്വീകാര്യതയാണ്. ഇവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിനാവശ്യമായ പരിശീലനം സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപക് നല്‍കി വരുന്നു.



ഓസ്‌ട്രേലിയന്‍ കോണ്‍സുള്‍ ജനറല്‍ സിലായ് സാകി ഓസ്‌ട്രേലിയയിലെ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പിലെ മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ആരോഗ്യ പരിപാലന സ്ഥാപനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.