അലക്സി നവൽനിക്ക് ആയിരങ്ങൾ വിട നൽകി; ചടങ്ങിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തു; വിലാപയാത്രയിൽ ഓസ്‌ട്രേലിയൻ അംബാസഡറും

അലക്സി നവൽനിക്ക് ആയിരങ്ങൾ വിട നൽകി; ചടങ്ങിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തു; വിലാപയാത്രയിൽ ഓസ്‌ട്രേലിയൻ അംബാസഡറും

മോസ്കോ: അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്ക് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങൾ ഒത്തുകൂടി. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം അടക്കം ചെയ്യാൻ ബോറിസോവ്‌സ്‌കോയ് സെമിത്തേരിയിലെത്തി. ആയിരക്കണക്കിന് അനുയായികളാണ് പള്ളിക്ക് പുറത്ത് എത്തിയത്. അനുയായികൾ "നവാൽനി! നവൽനി!" എന്ന് നിലവിളിക്കുന്നത് ഹൃദയഭേദകമായിരുന്നു. മൃതദേഹം വിലാപയാത്രയായി എത്തിയപ്പോൾ "റഷ്യ സ്വതന്ത്രമാകും" ഒപ്പം "നന്ദി അലക്സി!" എന്ന് ഉച്ചത്തിൽ മുഴങ്ങി കേൾക്കാമായിരുന്നു.

അലക്‌സി നവൽനിയുടെ ശവസംസ്‌കാരം ചടങ്ങിൽ റഷ്യയിലെ ഓസ്‌ട്രേലിയൻ അംബാസഡർ ജോൺ ഗീറിംഗും പങ്കെടുത്തു. താനും മറ്റ് പാശ്ചാത്യ നയതന്ത്രജ്ഞരും പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് അവരെ തടഞ്ഞുവെന്ന് ഗീറിംഗ് പറഞ്ഞു. അലക്സി നവൽനിയുടെ ശവസംസ്‌കാര ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ പ്രകടിപ്പിച്ച ദുഖത്തിൻ്റെ ആഴം തന്നെ സ്വാധീനിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തതായി ഗീറിംഗ് പിന്നീട് വ്യക്തമാക്കി.
ജോൺ ഗീറിംഗ് അലക്‌സി നവൽനിയുടെ ശവകുടീരത്തിന് സമീപം പുഷ്പങ്ങൾ അർപ്പിക്കുന്നു

മാതാപിതാക്കളായ അനറ്റോലി നവൽനിയും ല്യൂഡ്‌മില നവൽനയയും ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തെങ്കിലും നാടുകടത്തപ്പെട്ട ഭാര്യ യൂലിയ നവൽനയയും രണ്ട് കുട്ടികളും പങ്കെടുത്തില്ല. "എനിക്കറിയില്ല നീയില്ലാതെ എങ്ങനെ ജീവിക്കണം, നിനക്ക് സന്തോഷവും അഭിമാനവും തോന്നുന്ന രീതിയിൽ ജീവിക്കാൻ ഞാൻ ശ്രമിക്കും" ഭാര്യ യൂലിയ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ മോസ്‌കോയിൽ ആറ് പേരും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ 12 നിന്ന് 12 പേരും ഉൾപ്പെടെ 45 പേരെ കസ്റ്റഡിയിലെടുത്തതായി മനുഷ്യാവകാശ സംഘടനയായ ഒവിഡി - ഇൻഫോ അറിയിച്ചു. ഏകദേശം 300 പേർക്ക് മാത്രമേ പള്ളിക്കുള്ളിൽ പ്രവേശനമുള്ളൂവെന്ന് റഷ്യൻ സ്വതന്ത്ര പത്രമായ നോവയ ഗസറ്റ റിപ്പോർട്ട് ചെയ്തു. ശവസംസ്കാര ചടങ്ങ് നടക്കുന്നതിന്റെ സമീപമുള്ള പ്രദേശങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരുന്നു.

നവൽനിയുടെ മൃതദേഹം വ്യാഴാഴ്ച തന്നെ സംസ്‌കരിക്കണമെന്ന് കുടുംബം ആഗ്രഹിച്ചിരുന്നെങ്കിലും പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ സ്റ്റേറ്റ് ഓഫ് നേഷൻ പ്രസംഗത്തിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്ന ഭയത്താൽ അധികൃതർ തടയുകയായിരുന്നു. മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതിന് ശേഷം എട്ടു ദിവസങ്ങൾ കഴിഞ്ഞാണ് റഷ്യൻ സർക്കാർ നവാൽനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടു കൊടുത്തത്. പല പള്ളികളെയും തങ്ങൾ സംസ്കാര ചടങ്ങുകൾ നടത്തുന്നതിനായി സമീപിച്ചെങ്കിലും അറസ്റ്റും ആക്രമണവും ഭയന്ന് ആരും അനുവാദം നൽകിയില്ലെന്ന് നവാൽനിയെ പിന്തുണയ്ക്കുന്നവർ പറയുന്നു.
അലക്സി നവൽനിയുടെ മാതാപിതാക്കൾ

ഒടുവിൽ മറീനോയിലെ ദി ഐക്കൺ ഒഫ് ദി മദർ ഒഫ് ഗോഡ് സൂത്ത് മൈ സോറോസ് ചർച്ചാണ് സംസ്കാരത്തിന് അനുമതി നൽകിയത്. ആൾക്കൂട്ടം ഒഴിവാക്കാനായി പള്ളിയിലേക്കുള്ള വഴിയിൽ പൊലീസുകാരെ വിന്യസിച്ചിരുന്നു

ക്രെംലിനെതിരെ യുവ റഷ്യക്കാരെ പ്രചോദിപ്പിക്കാനുള്ള കഴിവ് കൊണ്ട് പുടിൻ്റെ ഏറ്റവും ശക്തനായ വിമർശകരിൽ ഒരാളായിരുന്നു നവൽനി. നവൽനി മരിക്കുമ്പോൾ ആർട്ടിക് സർക്കിളിന് മുകളിലുള്ള ഒരു പീനൽ കോളനിയിൽ ജയിൽവാസം അനുഭവിക്കുകയായിരുന്നു. ഇപ്പോഴും നവാൽനിയുടെ മരണകാരണം എന്താണെന്ന് റഷ്യ പുറത്തു വിട്ടിട്ടില്ല. 2011-12 കാലത്ത് പുടിനെതിരേ അഴിമതിയും തിരഞ്ഞെടുപ്പ് ക്രമക്കേടും ആരോപിച്ച് സന്നദ്ധ സംഘടന രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചതോടെയാണ് നവാല്‍നി ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും പുടിന്റെ കണ്ണിലെ കരടായി മാറുകയും ചെയ്തത്.

അതിന് മുൻപ് പുടിന്റെയും റഷ്യന്‍ സര്‍ക്കാരിന്റെയും അഴിമതിക്കഥകള്‍ തെളിവ് സഹിതം പുറത്തുകൊണ്ടുവന്ന ബ്ലോഗര്‍ മാത്രമായിരുന്നു നവാല്‍നി. പുടിനെതിരേ പരസ്യ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെ നവാല്‍നിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ഇത് പുടിന് വലിയ തിരിച്ചടിയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.