മരണശേഷം സിദ്ധാര്‍ത്ഥനെതിരെ പെണ്‍കുട്ടിയുടെ പരാതി; അന്വേഷണ സമിതിയില്‍ ഇടം പിടിച്ച് പ്രതിയും

 മരണശേഷം സിദ്ധാര്‍ത്ഥനെതിരെ പെണ്‍കുട്ടിയുടെ പരാതി; അന്വേഷണ സമിതിയില്‍ ഇടം പിടിച്ച് പ്രതിയും

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിനെതിരെ മരണശേഷം കോളജിന് പരാതി. പരാതി അന്വേഷിക്കാന്‍ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റിലായ പ്രതിയും. കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ അഭിഷേക് എസ് ആണ് സിദ്ധാര്‍ഥനെതിരായ പരാതി അന്വേഷിക്കുന്ന ആഭ്യന്തര പ്രശ്നപരിഹാര സമിതിയില്‍ (ഐസിസി) ഇടം പിടിച്ചത്.

സിദ്ധാര്‍ത്ഥന്റെ മരണ ശേഷമാണ് മോശമായി പെരുമാറിയെന്ന് കാട്ടി പെണ്‍കുട്ടി പരാതി നല്‍കിയത്. പരാതിക്കാരിയുടെ സുഹൃത്ത് മുഖേനയാണ് ഫെബ്രുവരി 19 ന് വുമണ്‍ സെല്ലില്‍ പരാതി ലഭിച്ചത്. പരാതി ഐസിസിക്ക് കൈമാറിയത് 20 നാണെന്നും ആഭ്യന്തര പരാതി സെല്ലില്‍ അംഗമായ ഡോ. രജനി സി.വി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പരാതിയില്‍ പരാതിക്കാരി രേഖപ്പെടുത്തിയിരിക്കുന്ന തീയതി ഫെബ്രുവരി 18 (സിദ്ധാര്‍ഥന്‍ മരിച്ച ദിവസം) ആണ്. പരാതി കെട്ടിച്ചമച്ചതാണെന്നും ആള്‍ക്കൂട്ട വിചാരണ കേസില്‍ കോളജ് അധികൃതര്‍ അടക്കമുള്ളവരുടെ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതുമാണ് ഈ വെളിപ്പെടുത്തലുകള്‍.

സിദ്ധാര്‍ത്ഥന്‍ ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് പരാതി. തുടര്‍ന്ന് ഫെബ്രുവരി 20, 26 എന്നീ ദിവസങ്ങളില്‍ രണ്ടുതവണ യോഗം ചേര്‍ന്നിരുന്നു. സിദ്ധാര്‍ത്ഥന്‍ മരിച്ചതിനാല്‍ പരാതിയില്‍ തീര്‍പ്പുണ്ടാക്കാന്‍ കഴിയില്ല എന്ന് വിധിച്ചാണ് സമിതി പരാതി അവസാനിപ്പിച്ചത്. എട്ട് അംഗങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇതില്‍ അഭിഷേക് എസിന്റെയും ഒപ്പുണ്ട്.

ഫെബ്രുവരി 14 ന് പരാതിക്ക് ആസ്പദമായ സംഭവം നടന്നെന്നാണ് പറയുന്നത്. അന്ന് മുതല്‍ 17 വരെയാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാര്‍ത്ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തുകയും ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും ചെയ്തത്. എന്നാല്‍ ഈ സംഭവങ്ങളില്‍ നടപടി എടുക്കാതിരുന്ന കോളജ് അധികൃതര്‍ 18 ന് സിദ്ധാര്‍ത്ഥന്‍ മരിച്ച ശേഷം പരാതി സ്വീകരിക്കുകയും ഐസിസിക്ക് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് പരാതി പരിഗണിച്ച ഐസിസി സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്തതിനാല്‍ ഹാജരാകാനുള്ള നോട്ടിസ് നല്‍കാന്‍ കഴിഞ്ഞില്ലെന്നു കാട്ടി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

ഫെബ്രുവരി 26 നാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഈ റിപ്പോര്‍ട്ടില്‍ അഭിഷേക് എസ് ഒപ്പുവയ്ക്കുകയും ചെയതിട്ടുണ്ട്. അതേസമയം സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പൊലീസ് പിടിയിലായ പ്രതികളുടെ എണ്ണം പതിനാലായി. അമീന്‍ അക്ബര്‍ അലി ഇന്നാണ് കീഴടങ്ങിയത്. ആകെ 18 പ്രതികളുള്ള കേസില്‍ ബാക്കി ഏഴുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക, റാഗിങ്, തടഞ്ഞുവയ്ക്കുക, ആക്രമിക്കുക ഉള്‍പ്പെടെയുള്ള നിരവധിയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 18 നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ത്ഥനെ ക്യാമ്പസിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.