സിഡ്നി: സ്വവര്‍ഗാനുരാഗ ബന്ധങ്ങളെ പ്രചരിപ്പിക്കുന്ന സിഡ്‌നി മാര്‍ഡി ഗ്രാസ് പരേഡില്‍ പങ്കെടുത്തത് ഒരു ലക്ഷത്തിലേറെ പേര്‍. ശനിയാഴ്ച്ച (മാര്‍ച്ച രണ്ട്) നടന്ന സിഡ്‌നി മാര്‍ഡി ഗ്രാസ് പരേഡ് സ്വവര്‍ഗാനുരാഗികളുടെ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായി മാറിയപ്പോള്‍ ക്രൈസ്തവര്‍ അടക്കമുള്ള മതവിശ്വാസികള്‍ ആശങ്കയിലാണ്. പുതുതലമുറയ്ക്കിടയില്‍ ഇത്തരം അരാജകത്വ ആശയങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ആശങ്കയ്ക്ക് അടിസ്ഥാനം.
ഫെബ്രുവരി 16-നാണ് സിഡ്നി ഗേ ആന്‍ഡ് ലെസ്ബിയന്‍ മാര്‍ഡി ഗ്രാസ് ഫെസ്റ്റിവല്‍ ആരംഭിച്ചത്. ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് പരേഡും നടന്നത്. സ്വവര്‍ഗാനുരാഗ ആശയങ്ങള്‍ പ്രമേയമാക്കിയുള്ള ഫ്‌ളോട്ടുകളും നൃത്തരൂപങ്ങളും അതിരുകടന്ന പ്രകടനങ്ങളായി മാറി. വിചിത്രമായ വേഷങ്ങളണിഞ്ഞും അര്‍ധനഗ്നരായുമാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ പരേഡില്‍ പങ്കെടുത്തത്. നിരവധി എല്‍ജിബിടിക്യൂ മാതാപിതാക്കള്‍ കുട്ടികളെയും കൂട്ടിയാണ് എത്തിയത്.
എന്നാല്‍ ഇത്തരം ആഘോഷങ്ങള്‍ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുമ്പോള്‍ പരമ്പരാഗത മൂല്യങ്ങളനുസരിച്ച് ജീവിക്കുന്ന മാതാപിതാക്കളാണ് ഏറ്റവും അധികം ആശങ്ക അനുഭവിക്കുന്നത്. സ്വാഭാവിക ചോദന എന്നതിനപ്പുറം സ്വവര്‍ഗാനുരാഗം ലൈംഗിക അരാജകത്വത്തിലേക്കു നയിക്കുമെന്ന് മതനേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സദാചാരത്തിനും സംസ്‌കാരത്തിനും മതങ്ങളുടെ കാഴ്ചപ്പാടിനും വിരുദ്ധമാണിത്.
എന്നാല്‍ ഓസ്‌ട്രേലിയയില്‍ സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തപ്പെടുന്ന ഇത്തരം പരിപാടികള്‍ കുട്ടികളില്‍ വലിയ സ്വാധീനം ചെലത്തുകയും പരമ്പരാഗതമായ കുടുംബമൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിന്ന് യുവതലമുറ പിന്നോട്ടു പോകുമെന്നുമുള്ള ആശങ്കയാണ് വിമര്‍ശകര്‍ പങ്കുവയ്ക്കുന്നത്.
രണ്ടാഴ്ച്ചയിലേറെ നീണ്ടുനില്‍ക്കുന്ന ഈ ആഘോഷം കാണാന്‍ അന്താരാഷ്ട്ര, ആഭ്യന്തര വിനോദസഞ്ചാരികളും എത്താറുണ്ട്. എ.ബി.സി. അടക്കമുള്ള മാധ്യമങ്ങള്‍ പരേഡ് ലൈവായി സംപ്രേക്ഷണം ചെയ്യുന്നു.
ക്രിസ്തീയ വേരുകളെ അടിസ്ഥാനമാക്കിയും പരമ്പരാഗത കുടുംബ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും കെട്ടിപ്പടുത്ത ഓസ്‌ട്രേലിയയില്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് അമിത പ്രധാന്യം ലഭിക്കുന്നതില്‍ മറുഭാഗത്ത് പ്രതിഷേധവും ശക്തമാകുന്നുണ്ട്. എന്നാല്‍ എതിര്‍ക്കുന്നവരെ തീവ്ര വലതുപക്ഷമായി മുദ്രകുത്തുന്ന പ്രവണതയുമുണ്ട്.
ന്യൂ സൗത്ത് വെയില്‍സില്‍ സ്വവര്‍ഗരതി നിയമവിരുദ്ധമായിരുന്ന 1978 മുതല്‍ നടക്കുന്നതാണ് ഈ പരേഡ്. ആദ്യ മാര്‍ഡി ഗ്രാസ് പരേഡ് അക്രമത്തില്‍ കലാശിക്കുകയും 53 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
1975ല്‍ പുരുഷ സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയ ആദ്യത്തെ ഓസ്ട്രേലിയന്‍ സംസ്ഥാനമാണ് സൗത്ത് ഓസ്ട്രേലിയ. തുടര്‍ന്ന് 22 വര്‍ഷമെടുത്താണ് മറ്റു സംസ്ഥാനങ്ങള്‍ ഈ പാത പിന്തുടര്‍ന്നത്. അതുപോലെ 2017 ഡിസംബര്‍ വരെ ഓസ്ട്രേലിയയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26