തിരഞ്ഞെടുപ്പ് അടുത്തതോടെ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമാക്കി സര്‍ക്കാര്‍ നീക്കം: ജസ്റ്റിസ് ജെ.ബി കോശി റിപ്പോര്‍ട്ടില്‍ നടപടിക്ക് മൂന്നംഗ സമിതി

തിരഞ്ഞെടുപ്പ് അടുത്തതോടെ  ക്രൈസ്തവ  വോട്ടുകള്‍ ലക്ഷ്യമാക്കി സര്‍ക്കാര്‍ നീക്കം: ജസ്റ്റിസ് ജെ.ബി കോശി റിപ്പോര്‍ട്ടില്‍ നടപടിക്ക് മൂന്നംഗ സമിതി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ  ക്രൈസ്തവ   വോട്ടുകള്‍ ലക്ഷ്യമിട്ട് ജസ്റ്റിസ് ജെ.ബി കോശി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി. കമ്മിഷന്റെ ശുപാര്‍ശകളെക്കുറിച്ച് പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു.

സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥകളെപ്പറ്റി പഠിച്ച് ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ എട്ട് മാസമായി തുടര്‍ നടപടികളൊന്നും സ്വീകരിക്കാതിരുന്ന സര്‍ക്കാരാണ് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശുപാര്‍ശകള്‍ ഭാഗികമായെങ്കിലും നടപ്പാക്കാന്‍ നീക്കം തുടങ്ങിയത്.

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ പൊതുഭരണ വകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാരാണ് മറ്റ് അംഗങ്ങള്‍. രണ്ടാഴ്ച കൂടുമ്പോള്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ഓരോ വകുപ്പുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെക്കൂടി പങ്കെടുപ്പിച്ച് പരിശോധിക്കണം. തുടര്‍ന്ന് അതില്‍ അഭിപ്രായം രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തന പദ്ധതികള്‍ തയാറാക്കുകയാണ് ലക്ഷ്യം. ഫിഷറീസ്, പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പുകള്‍ക്ക് മുന്‍ഗണന നല്‍കും. കുറഞ്ഞ സമയത്തില്‍ നടപ്പാക്കാവുന്ന ശിപാര്‍ശകള്‍ പരിശോധിച്ച് ഒരു മാസത്തിനുള്ളില്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

2023 കഴിഞ്ഞ മെയ് 17 നാണ് ജസ്റ്റിസ് ജെ.ബി കോശി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ക്രൈസ്തവരിലെ പിന്നാക്കക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ സംവരണം നല്‍കണമെന്നതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ ഇതിലുണ്ട്. ഒക്ടോബറില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ന്യൂനപക്ഷവകുപ്പ് ശ്രമം തുടങ്ങിയിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ അഭിപ്രായം അറിയിക്കാന്‍ 33 സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കത്തും നല്‍കി.

ഡിസംബറില്‍ രണ്ട് തവണ ഓര്‍മ്മപ്പെടുത്തിയിട്ടും ഫലമില്ലാതായതോടെ മന്ത്രി വി. അബ്ദുറഹ്മാന്‍ നേരിട്ട് വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ആ യോഗത്തില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി അന്ത്യശാസനം നല്‍കിയിരുന്നു. എന്നിട്ടും പത്തില്‍ താഴെ വകുപ്പുകള്‍ മാത്രമാണ് നിര്‍ദേശങ്ങള്‍ എങ്ങനെ നടപ്പാക്കാമെന്ന് പ്രതികരിച്ചത്.

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശ, മലയോര മേഖലകളില്‍ വിദ്യാഭ്യാസ, തൊഴില്‍ ഉന്നമനത്തിനും കൃഷിക്കും പ്രത്യേക പരിഗണന നല്‍കണമെന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. കണ്ണൂര്‍, ഇടുക്കി, കോട്ടയം ജില്ലകളുടെ കിഴക്കന്‍ പ്രദേശങ്ങളിലും എറണാകുളം, തിരുവനന്തപുരം ജില്ലകളുടെ തീരമേഖലകളിലും പി.എസ്.സി, യു.പി.എസ്.സി, റെയില്‍വേ, ബാങ്കിങ് മത്സര പരീക്ഷകള്‍ക്കും വിവിധ കോഴ്സുകളിലെ പ്രവേശന പരീക്ഷകള്‍ക്കും സൗജന്യ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കണം.

കുട്ടനാട് പോലെയുള്ള പ്രളയ ബാധിത മേഖലകളിലും തീരദേശ, മലയോര, വനാതിര്‍ത്തി മേഖലകളിലും സ്‌കൂള്‍, കോളജ് തലത്തില്‍ സൗജന്യ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കണം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കോളജുകളിലും അധിക സീറ്റ് അനുവദിക്കുമ്പോള്‍ ആനുപാതികമായി മാനേജ്മെന്റ് ക്വാട്ടയും സമുദായ ക്വാട്ടയും അനുവദിക്കണം തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.