ന്യൂഡല്‍ഹി: സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രദേശത്ത് ഇന്ത്യ-ചൈന സൈനികര്‍ വീണ്ടും ഏറ്റുമുട്ടി. നാകുലയിലാണ് മൂന്നു ദിവസം മുന്‍പ് പട്ടാളക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ 20 ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റു. നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റു.
ചൈനയുടെ ഒരു പട്രോള്‍ സംഘം നിയന്ത്രണ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത് ഇന്ത്യന്‍ സൈന്യം ചെറുത്തതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. ഇതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം. ചൈനീസ് സൈനികരുടെ കടന്നുകയറ്റം തടയാനും ചൈനീസ് സൈനികരെ തുരത്താനും ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രദേശത്ത് ഇപ്പോള്‍ സൈന്യം ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മേഖലയിലെ അന്തരീക്ഷം സമാധാനപരമാണെന്നും സൈന്യം പറഞ്ഞു. സംഘര്‍ഷ മേഖലകളില്‍ ഒന്നാണ് നാകുലയും. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലും സമാനമായ വിധത്തില്‍ ഇവിടെ ചൈനീസ് സൈന്യം കടന്നുകയറാന്‍ ശ്രമിക്കുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.
സമുദ്രനിരപ്പില്‍നിന്ന് 19,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണ് നാകുല. സംഭവത്തെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ശക്തമായി. ഇന്ത്യ - ചൈന സേനകളിലെ ഉന്നത സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ അതിര്‍ത്തിയില്‍ നടന്ന ഒന്‍പതാം ചര്‍ച്ചയ്ക്കു മുന്‍പായിരുന്നു സംഭവം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.