'വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചു'; ഇസ്രയേലില്‍ ഹമാസ് ലൈംഗികാതിക്രമങ്ങളും നടത്തിയതായി യുഎന്‍ റിപ്പോര്‍ട്ട്

'വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചു'; ഇസ്രയേലില്‍ ഹമാസ് ലൈംഗികാതിക്രമങ്ങളും നടത്തിയതായി യുഎന്‍ റിപ്പോര്‍ട്ട്

ജനീവ: ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ലൈംഗിക പീഡനങ്ങളും ഉള്‍പ്പെടുന്നതായുള്ള തെളിവുകളുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. കൂട്ട ബലാത്സംഗം അടക്കമുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ ഒക്ടോബര്‍ ഏഴിന് നടന്നെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്നും യുഎന്‍ വ്യക്തമാക്കി. ബന്ദികള്‍ക്കു നേരെയും ലൈംഗികാതിക്രമമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎന്‍ പ്രത്യേക നയതന്ത്ര പ്രതിനിധി പ്രമീള പാറ്റന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ജനുവരി 29 മുതല്‍ ഫെബ്രുവരി 14 വരെ സംഘം ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ആക്രമണത്തിനിടയില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന ആരോപണം നേരത്തെ ഹമാസ് നിഷേധിച്ചിരുന്നു.

'ജനനേന്ദ്രിയ ഛേദനം, ലൈംഗിക പീഡനം, ക്രൂരവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റം എന്നിവയുള്‍പ്പെടെ ചില ലൈംഗിക അതിക്രമങ്ങളെ സൂചിപ്പിക്കുന്ന വിശ്വസനീയമായ സാഹചര്യ വിവരങ്ങള്‍ ശേഖരിച്ചു. ഗാസയില്‍ ബന്ദികളാക്കപ്പെട്ട ചിലര്‍ വിവിധ തരത്തിലുള്ള സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്നും അത്തരം ആക്രമണങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നുമുള്ള വ്യക്തമായ വിവരങ്ങള്‍ മിഷന്‍ ടീം കണ്ടെത്തിയിട്ടുണ്ട്' - 24 പേജുള്ള യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈംഗികാതിക്രമം നേരിട്ട ആരോടും നേരിട്ടു സംസാരിക്കാനായില്ലെന്നും പ്രമീള പാറ്റന്‍ പറഞ്ഞു. അതിജീവിച്ചവരെ മുന്നോട്ടുകൊണ്ടുവരാന്‍ വിവിധ ശ്രമങ്ങള്‍ സംഘം നടത്തിയിരുന്നു.

വിവിധ ഇസ്രയേലി സ്ഥാപനങ്ങളുമായി 33 കൂടിക്കാഴ്ചകള്‍ സംഘം നടത്തിയിട്ടുണ്ട്. ആക്രമണത്തില്‍ അതിജീവിച്ചവരും അതിക്രമങ്ങളുടെ സാക്ഷികളും വിട്ടയച്ച തടവുകാരും ആരോഗ്യ വിദഗ്ധരും ഉള്‍പ്പടെ 34 പേരുമായി കൂടിക്കാഴ്ചകള്‍ നടത്തി. പൂര്‍ണ നഗ്‌നമായതും അര്‍ധ നഗ്‌നമായതുമായ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും സംഘം പറയുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. പലരുടെയും കൈകള്‍ ബന്ധിക്കുകയും തലയില്‍ ഉള്‍പ്പെടെ വെടിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

സാഹചര്യങ്ങളനുസരിച്ച് പലയിടത്തുനിന്നും ലൈംഗിക അതിക്രമങ്ങളുടെ സൂചന ലഭിച്ചതായി പ്രമീള പാറ്റന്‍ പറഞ്ഞു. റോഡ് 232-ല്‍ നോവ സംഗീതോത്സവത്തില്‍നിന്ന് പുറത്തേക്ക് പോകാനുള്ള വഴിയില്‍ ആയുധധാരികളായവര്‍ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന് വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സംഘം പറയുന്നത്.

കിബ്ബട്ട്‌സ് റെയിമില്‍, ബോംബ് ഷെല്‍ട്ടറിന് പുറത്ത് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതും സംഘം പരിശോധിച്ചിട്ടുണ്ട്. ചില ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സംഘം കണ്ടെത്തി. വിഷയത്തിന്റെ വ്യാപ്തിയെക്കുറിച്ചറിയാന്‍ പൂര്‍ണമായ അന്വേഷണം വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഹമാസ് ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടത്തിയ ആക്രമങ്ങളില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 253 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇസ്രയേല്‍ ഗാസ മുനമ്പില്‍ ആരംഭിച്ച ആക്രമണങ്ങളില്‍ മുപ്പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.