തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് അഭ്യൂഹം. തിരഞ്ഞെടുപ്പിന് ശേഷം പദ്മജ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് ഒരു സ്വകാര്യ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ട്ടി മാറ്റത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പദ്മജ പറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മാറ്റം ഈ തിരഞ്ഞെടുപ്പിന് ശേഷമാകുമെന്നും കോണ്‍ഗ്രസുമായി ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പദ്മജ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ പത്മജ സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ തന്നെ ഉണ്ടായിരുന്നു. 2021 ല്‍ തൃശൂരില്‍ നിയമസഭയിലേക്ക് മത്സരിച്ച പദ്മജ പരാജയപ്പെട്ടിരുന്നു. പിന്നീട് സംസ്ഥാന നേതൃത്വത്തിനെതിരെ അവര്‍ രംഗത്തെത്തിയിരുന്നു.
തന്നെ സ്വന്തം പാര്‍ട്ടിക്കാര്‍ ദ്രോഹിച്ചുവെന്നും തന്നെ ദ്രോഹിച്ചവര്‍ക്കെതിരെ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നുമായിരുന്നു പദ്മജ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അടുത്തിടെയും അവര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. മനപൂര്‍വ്വം സ്ത്രീകളെ തോല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയില്‍ നടക്കുന്നുണ്ടെന്നായിരുന്നു ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പദ്മജ പറഞ്ഞത്. അതൃപ്തി രൂക്ഷമായതോടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിനിറങ്ങില്ലെന്നും പദ്മജ വ്യക്തമാക്കിയിരുന്നു.
കാര്യങ്ങള്‍ ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് പാര്‍ട്ടി വിട്ടേക്കുമെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് പദ്മജ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ തമാശയായി പറഞ്ഞ കാര്യമാണെന്നും ബിജെപിയിലേക്ക് പോകില്ലെന്നും പദ്മജ തുറന്നടിച്ചു. പാര്‍ട്ടി വിടുമോയെന്ന ചോദ്യത്തിന് ഇപ്പോഴത്തെ കാര്യമല്ലേ പറയാന്‍ പറ്റൂ നാളെ എന്താണെന്ന് പറയാനാകില്ലല്ലോ എന്നായിരുന്നു താന്‍ പ്രതികരിച്ചത് എന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പദ്മജ വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ:
'ഞാന്‍ ബിജെപിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനല്‍ ചോദിച്ചപ്പോള്‍ ഈ വാര്‍ത്ത ഞാന്‍ നിഷേധിച്ചതാണ്. ഇപ്പോഴും ഞാന്‍ അത് ശക്തമായി നിഷേധിക്കുന്നു. അവര്‍ എന്നോട് ചോദിച്ചു ഭാവിയില്‍ പോകുമോ എന്ന്, ഞാന്‍ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാന്‍ പറ്റു നാളത്തെ കാര്യം എനിക്ക് എങ്ങിനെ പറയാന്‍ പറ്റും എന്ന് തമാശ ആയി പറഞ്ഞു. അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല.'
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.