കാനഡയില്‍ നാലു കുട്ടികളടക്കം ആറംഗ ശ്രീലങ്കന്‍ കുടുംബത്തെ കുത്തിക്കൊലപ്പെടുത്തി

കാനഡയില്‍ നാലു കുട്ടികളടക്കം ആറംഗ ശ്രീലങ്കന്‍ കുടുംബത്തെ കുത്തിക്കൊലപ്പെടുത്തി

ഒട്ടാവ: കാനഡയിലെ ഒട്ടാവയില്‍ ശ്രീലങ്കന്‍ സ്വദേശികളായ ആറു പേര്‍ കത്തിക്കുത്തേറ്റ് മരിച്ചു. രണ്ടര മാസം പ്രായമുള്ള കുഞ്ഞടക്കം ശ്രീലങ്കന്‍ കുടുംബത്തിലെ ആറു പേരെയാണ് വിദ്യാര്‍ഥി കുത്തിക്കൊന്നത്. ശ്രീലങ്കയില്‍നിന്ന് തന്നെയുള്ള 19 കാരനായ ഫെബ്രിയോ ഡിസോയ്‌സയാണ് ക്രൂരകൃത്യം ചെയ്തത്. ബുധനാഴ്ച രാത്രിയോടെയാണ് ഒട്ടാവയെ നടുക്കിയ ക്രൂര കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു.

രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ കൂടാതെ 35കാരിയായ മാതാവ്, ഇവരുടെ ഏഴു വയസുള്ള മകന്‍, നാലും രണ്ടും വയസുള്ള പെണ്‍കുട്ടികള്‍, 40കാരനായ ബന്ധു എന്നിവരാണ് കൊല്ലപ്പെട്ടത്. 35കാരിയുടെ ഭര്‍ത്താവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. പൊലീസെത്തുമ്പോള്‍ ഇദ്ദേഹം സഹായത്തിനായി അലറിക്കരഞ്ഞ് വീടിന് പുറത്ത് നില്‍ക്കുകയായിരുന്നു.

ഫെബ്രിയോയെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്തു. അടുത്തിടെയാണ് ശ്രീലങ്കന്‍ കുടുംബം കാനഡയിലെത്തിയത്. ഈ കുടുംബത്തിനൊപ്പമായിരുന്നു ഫെബ്രിയോ താമസിച്ചു വന്നിരുന്നത്. എന്താണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. കത്തി പോലെ മൂര്‍ച്ചയുടെ ആയുധമാണ് പ്രതി കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് ഒട്ടാവ പൊലീസ് ചീഫ് അറിയിച്ചു.

പ്രതിക്കെതിരെ ആറ് കൊലപാതകക്കുറ്റവും ഒരു കൊലപാതക ശ്രമവും ചുമത്തിയിട്ടുണ്ട്. അടിയന്തര സന്ദേശമെത്തിയതിന് പിന്നാലെ പൊലീസ് ഉടനടി സ്ഥലത്തെത്തിയെങ്കിലും ഒരാളുടെയൊഴികെ ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

കുടുംബത്തിന്റെ കൊളംബോയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടുവരികയാണെന്ന് ശ്രീലങ്കന്‍ ഹൈകമ്മിഷന്‍ അറിയിച്ചു. സംഭവത്തില്‍ കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ, ഒട്ടാവ മേയര്‍ മാര്‍ക് സട്ട്ക്ലിഫ് എന്നിവര്‍ അപലപിച്ചു.

ഭീതിദമായ ദുരന്തമാണ് ഉണ്ടായതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഒട്ടാവയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നടുക്കുന്ന കൊലപാതകമെന്നായിരുന്നു മേയര്‍ മാര്‍ക് സട്ട്ക്ലിഫിന്റെ പ്രതികരണം. നിരപരാധികളെ നിഷ്‌കരുണം കൊല്ലാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഒട്ടാവ പൊലീസ് ചീഫ് എറിക് സ്റ്റബ്‌സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.