സിദ്ധാര്‍ത്ഥിന്റെ മരണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍; ഉത്തരവ് കുടുംബം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ

സിദ്ധാര്‍ത്ഥിന്റെ മരണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍; ഉത്തരവ് കുടുംബം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ് ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

'ദൗര്‍ഭാഗ്യകരമായ മരണം നാടിനെയാകെ ദുഖത്തില്‍ ആഴ്ത്തിയതാണ്. സിദ്ധാര്‍ത്ഥിന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. പൊലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂര്‍വ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാര്‍ത്ഥിന്റെ മാതാവ് മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ വികാരം മാനിച്ച് കേസന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചു' - മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മകന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളുണ്ടെന്ന് മുഖ്യമന്ത്രിയോട് അറിയിച്ചതായി സിദ്ധാര്‍ത്ഥിന്റെ പിതാവ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോളജ് ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണം.

അവര്‍ എന്തൊക്കെ കാര്യങ്ങളാണ് മറച്ചുവച്ചതെന്ന് സിബിഐ ഉദ്യോഗസ്ഥരോട് തുറന്ന് പറയും. അതിനുള്ള വ്യക്തമായ തെളിവ് കൈവശമുണ്ട്. സസ്‌പെന്‍ഡ് ചെയ്തിട്ട് കാര്യമില്ല. അവരെ പിരിച്ചുവിട്ട ശേഷം അന്വേഷണം നടത്തണമെന്നും സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു.

അഞ്ചാറ് വര്‍ഷത്തിനിടെ ആ കോളജില്‍ ഒരുപാട് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയും മരണവും സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം അന്വേഷിച്ച് കണ്ടെത്തിയ ശേഷം മാത്രം ആ കോളജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. മകന്‍ മരിച്ചിട്ട് പോലും റൂമില്‍ ഒപ്പമുണ്ടായിരുന്ന അക്ഷയ് അത് തുറന്നു പറഞ്ഞില്ല.

ഡോ. ബിന്ദു സുന്ദറിന്റെ മകന്‍ രോഹനും കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് സംശയമുണ്ട്. രോഹനാണ് തൂങ്ങി നില്‍ക്കുന്ന സിദ്ധാര്‍ത്ഥിനെ ആദ്യം കണ്ടതെന്ന് പറഞ്ഞു. പിന്നീടത് മാറ്റിപ്പറഞ്ഞു. അച്ഛന്‍ രാഷ്ട്രീയക്കാരനായതുകൊണ്ടാകാം അക്ഷയ്യെ പൊലീസുകാര്‍ ഒന്നും ചെയ്യാത്തതെന്നും ജയപ്രകാശ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.