മാലെ: മാലദ്വീപുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ടൂറിസം അടക്കമുള്ള മേഖലകളിൽ ഇന്ത്യ ബഹിഷ്‌കരണ ആഹ്വാനം നടത്തിയതിന്റെ പ്രത്യാഘാതങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് മാലദ്വീപ് മുൻ പ്രസിഡന്റ് നഷീദ്. നിലവിൽ ഇന്ത്യയിലുള്ള നഷീദ് മാലദ്വീപിലെ ജനങ്ങളുടെ പേരിൽ ക്ഷമാപണവും നടത്തി.
'ഞാൻ ഇപ്പോൾ ഇന്ത്യയിലുണ്ട്. ഇന്ത്യയുമായുള്ള ബന്ധം ഉലഞ്ഞത് മാലദ്വീപിനെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇതിൽ ഞാൻ വളരെ ആശങ്കപ്പെടുന്നു. ഇങ്ങനെ സംഭവിച്ചതിൽ മാലദ്വീപിലെ ജനങ്ങളുടെ പേരിൽ ക്ഷമ ചോദിക്കുന്നു. അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യക്കാർ മാലദ്വീപിൽ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ ആതിഥ്യ മര്യാദയിൽ ഒരു മാറ്റവും ഉണ്ടായിരിക്കില്ല'- നഷീദ് പറഞ്ഞു.
മെയ് പത്തിന് മുമ്പ് ഇന്ത്യന്‍ ഉദ്യോഗസ്ഥരും സൈനികരും മാലദ്വീപ് വിടണമെന്ന് പ്രസിഡന്റ് മുഹമ്മദ് മൊയിസു പ്രഖ്യാപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സംഘർഷത്തിലേയ്ക്ക് കടന്നിരുന്നു. ഇന്ത്യയുമായുള്ള ബന്ധം എല്ലാതരത്തിലും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് മൊയിസു. ഇതിന് പിന്നാലെയാണ് ടൂറിസം മേഖലയിലടക്കം ഇന്ത്യ ബഹിഷ്‌കരണ ആഹ്വാനം നടത്തിയത്.
രാജ്യങ്ങൾ തമ്മിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ സ്വീകരിച്ചിട്ടുള്ള ഉത്തരവാദിത്ത സമീപനത്തെ നഷീദ് പ്രശംസിച്ചു. സമ്മർദ്ദം ചെലുത്തുന്നതിന് പകരം നയതന്ത്ര ചർച്ചയാണ് ഇന്ത്യ നിർദ്ദേശിച്ചിട്ടുള്ളതെന്നും അദേഹം ചൂണ്ടിക്കാട്ടി.
'സൈനികർ രാജ്യത്ത് നിന്ന് മടങ്ങിപ്പോകണമെന്ന് മാലദ്വീപ് പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോൾ, ഇന്ത്യ എന്താണ് ചെയ്തതെന്ന് അറിയാമോ? അവർ മസിൽ പവർ കാണിച്ചില്ല, മറിച്ച് വിഷയത്തിൽ ചർച്ച ചെയ്യാമെന്നാണ് പറഞ്ഞത്. റബർ ബുള്ളറ്റ്, കണ്ണീർ വാതകം പോലുള്ള ഉപകരണങ്ങൾ വാങ്ങാൻ മൊയിസു പദ്ധതിയിടുന്നുണ്ടെന്നാണ് കരുതുന്നത്. കൂടുതൽ കണ്ണീർവാതകവും റബർ ബുള്ളറ്റും വേണ്ടിവരുമെന്ന് സർക്കാർ ചിന്തിച്ചതുതന്നെ ഖേദകരമാണ്. തോക്കിൻ കുഴലിലൂടെയല്ല ഭരണം നടക്കേണ്ടത്' - നഷീദ് വ്യക്തമാക്കി.
2023ല്‍ രാജ്യത്ത് അധികാരത്തിലെത്തിയത് മുതല്‍ കടുത്ത ഇന്ത്യാവിരുദ്ധ നടപടികളാണ് മൊയിസു സ്വീകരിക്കുന്നത്. രാജ്യത്തിനുള്ളില്‍ പോലും ഇതിന് എതിരെ കടുത്ത വിമര്‍ശനം നേരിടേണ്ടി വരുന്നുണ്ടെങ്കിലും തന്റെ നിലപാടുകളുമായി മുന്നോട്ട് പോകുകയാണ് മൊയിസു. ചൈനയുമായി സൈനിക ഉടമ്പടി രൂപീകരിച്ചതിന് ശേഷമാണ് ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ മാലദ്വീപ് മുന്നറിയിപ്പ് നൽകിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.