പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് 22-കാരനെ വധശിക്ഷയ്ക്ക് വിധിച്ചു; 19-കാരന് ജീവപര്യന്തം തടവുശിക്ഷയും

പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് 22-കാരനെ വധശിക്ഷയ്ക്ക് വിധിച്ചു; 19-കാരന് ജീവപര്യന്തം തടവുശിക്ഷയും

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് 22-കാരനെ വധശിക്ഷയ്ക്ക് വിധിച്ച് കോടതി. വാട്‌സ്ആപ് വഴി മുസ്ലീം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പഞ്ചാബ് പ്രവിശ്യ കോടതി വധശിക്ഷയ്ക്ക് വിധിച്ചതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കൂട്ടുപ്രതിയായ 17കാരനെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വധശിക്ഷയില്‍ നിന്നൊഴിവാക്കി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

2022-ല്‍ ലാഹോറിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ സൈബര്‍ക്രൈം യൂണിറ്റാണ് ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തത്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് യുവാവിന്റെ കുടുംബം അറിയിച്ചു.

മൂന്ന് വ്യത്യസ്ത ഫോണ്‍ നമ്പറുകളില്‍ നിന്ന് തനിക്ക് മതനിന്ദയുള്ള വീഡിയോകളും ഫോട്ടോകളും ലഭിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാല്‍ ശിക്ഷിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് അവരുടെ അഭിഭാഷകന്‍ വാദിച്ചു.

മതനിന്ദ കുറ്റത്തിന് പാകിസ്ഥാനില്‍ വധശിക്ഷയാണ് നല്‍കുക. എന്നാല്‍ ഇതുവരെ ഈ കുറ്റത്തിന് ആര്‍ക്കും വധശിക്ഷ നടപ്പാക്കിയിട്ടില്ല. എന്നാല്‍ നിരവധി പേരെ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം കൊലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങള്‍ മതഗ്രന്ഥം അശുദ്ധമാക്കി എന്ന വ്യാജ ആരോപണം ഉന്നയിച്ച് 80 ക്രിസ്ത്യന്‍ വീടുകളും 19 പള്ളികളും തകര്‍ത്തിരുന്നു.

ക്രിസ്ത്യന്‍ വനിത ആസിയ ബീബിക്കെതിരെ ചുമത്തിയ മതനിന്ദ കുറ്റമാണ് ലോകശ്രദ്ധ ആകര്‍ഷിച്ച സംഭവം. പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തില്‍ ആസിയ ബീബിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി. പിന്നീട് അവര്‍ പാകിസ്ഥാന്‍ വിട്ട് മറ്റൊരു രാജ്യത്ത് അഭയം തേടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.