ഗർഭച്ഛിദ്രം ക്രൂരമായ നരഹത്യ; അത് നൽകുന്നത് തെറ്റായ സന്ദേശം: അർജൻ്റീനിയൻ പ്രസിഡൻ്റ്

ഗർഭച്ഛിദ്രം ക്രൂരമായ നരഹത്യ; അത് നൽകുന്നത് തെറ്റായ സന്ദേശം: അർജൻ്റീനിയൻ പ്രസിഡൻ്റ്

ബ്യൂണസ് ഐറിസ്: ഉദരങ്ങളെ കൊലക്കളമാക്കുന്ന ഗർഭച്ഛിദ്രം ക്രൂരമായ നരഹത്യയാണെന്ന് അർജൻ്റീനിയൻ പ്രസിഡൻ്റ് ഹാവിയർ മിലി. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വഷളാക്കുന്ന കൊലപാതകമെന്നാണ് ഗർഭച്ഛിദ്രത്തെ മിലി വിശേഷിപ്പിച്ചത്. ബ്യൂണസ് അയേഴ്സിലെ കർദ്ദനൽ കോപ്പല്ലോ സ്കൂളിൽ നടത്തിയ പ്രസംഗത്തിനിടയായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന.

രാജ്യത്തെ അനുവദനീയമായ ഗർഭച്ഛിദ്ര നിയമം പിൻവലിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രസിഡൻ്റ് പ്രതിജ്ഞ ചെയ്തിരുന്നു. നിയമപരവും സുരക്ഷിതവും സൗജന്യവുമായ ഗർഭഛിദ്രം എന്നത് തെറ്റായ സന്ദേശമാണെന്നും ഇത് കൊലപാതകം തന്നെയാണെന്നും മിലി ആഞ്ഞടിച്ചു.

തന്നെ സംബന്ധിച്ചിടത്തോളം ഗർഭച്ഛിദ്രം എന്നത് ഒരു കൊലപാതകമാണ്. ഗണിതശാസ്ത്രപരവും ദാർശനികവുമായ വീക്ഷണകോണിൽ നിന്നും ലിബറലിസത്തിൽ നിന്നും ജീവശാസ്ത്രപരമായ വീക്ഷണകോണിൽ നിന്നും എനിക്ക് അത് തെളിയിക്കാൻ കഴിയുമെന്ന് പ്രസിഡന്റ് പറഞ്ഞു. ജനിക്കാത്ത തലമുറകൾക്ക് രാഷ്ട്രീയക്കാർ‌ ബിൽ പാസാക്കുന്നു. കൊല്ലാൻ പ്രേരിപ്പിക്കുന്ന രാഷ്ട്രീയക്കാർ പച്ച കഴുത്തുള്ള കൊലപാതകികളാണെന്നും മിലി തുറന്നടിച്ചു

കത്തോലിക്കാ സഭയുടെ എതിര്‍പ്പുകള്‍ക്കിടയിലാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയിൽ മുൻ ​ഗവൺമെന്റ് ഗര്‍ഭച്ഛിദ്രം നിയമപരമാക്കിയത്. പതിനാലാമത്തെ ആഴ്ച വരെ ഗര്‍ഭച്ഛിദ്രമാവാം എന്ന നിയമമാണ് അർജന്റീനയിൽ നിലവിലുള്ളത്. 2018 ൽ സെനറ്റർമാർ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനെതിരെ വോട്ട് ചെയ്തുവെങ്കിലും നിയമം വന്നത് 2020 അവസനമാണ്.

ഗര്‍ഭച്ഛിദ്രം ചെയ്യുന്ന സ്ത്രീകള്‍ക്കും അതിന് പ്രേരിപ്പിക്കുന്നവര്‍ക്കും സഹായിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്കും പതിനഞ്ച് വര്‍ഷം വരെ തടവു ലഭിക്കും എന്ന നിയമമാണ് 2020 വരെ നിലനിന്നിരുന്നത്. അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ യാതൊരു വഴിയുമില്ലെന്ന് തെളിയിച്ചാല്‍ മാത്രമാണ് ഇവിടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി ലഭിച്ചിരുന്നുള്ളു. അര്‍ജന്റീനയുടെ മുൻ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസാണ് ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.