ബ്രിസ്ബെയ്ന്‍ സൗത്ത് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നോമ്പുകാല ധ്യാനം മാര്‍ തോമസ് തറയില്‍ നയിക്കുന്നു
ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ സൗത്ത് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ മാര്‍ച്ച് 8,9,10 തീയതികളില്‍ നടന്ന നോമ്പുകാല വാര്‍ഷിക ധ്യാനം ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ നയിച്ചു. സുവിശേഷത്തില്‍ ആനന്ദിക്കുവിന്‍ ആഹ്‌ളാദിക്കുവിന്‍ എന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനത്തെ കേന്ദ്രീകരിച്ചായിരുന്നു മാര്‍ തോമസ് തറയിലിന്റെ സന്ദേശം.
സാത്താന്‍ ഇന്ന് ലോകത്തില്‍ പ്രവര്‍ത്തിക്കുന്നത് വളരെ 'നല്ലവനായിട്ടും' മോഹങ്ങളുടെ ഒരു ഉപകരണമായിട്ടുമാണെന്നും പിതാവ് മുന്നറിയിപ്പ് നല്‍കി.
പരിശുദ്ധ കുര്‍ബാനയുടെ ശക്തിയും കുടുംബ പ്രാര്‍ത്ഥനയുടെയും പങ്കുവയ്ക്കലിന്റെയും പ്രാധാന്യത്തെക്കുറിച്ചും പിതാവ് ഓര്‍മിപ്പിച്ചു. കുടുംബ പ്രാര്‍ത്ഥന ഒരിക്കലും ഒഴിവാക്കരുതെന്നും സമയമില്ലെങ്കില്‍ പോലും അഞ്ചു മിനിറ്റെങ്കിലും അതിനായി നീക്കിവയ്ക്കണമെന്നും പിതാവ് പറഞ്ഞു.
കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കുന്നതിന് പ്രാര്‍ത്ഥനയും ഉപവാസവും അനിവാര്യമാണ്. അതുവഴി കെട്ടുറപ്പുള്ള കുടുംബ പശ്ചാത്തലം ദൈവകൃപയാല്‍ സാധ്യമാകും. കുഞ്ഞുങ്ങള്‍ക്ക് ചെറുപ്പത്തിലേ മാതാപിതാക്കള്‍ പകര്‍ന്നുകൊടുക്കുന്ന പ്രാര്‍ത്ഥനാ ചൈതന്യം അവരുടെ മുന്നോട്ടുള്ള ജീവിതത്തിന് ഉപകാരപ്പെടും. മാതാപിതാക്കളുടെ ജീവിത വിശുദ്ധി കണ്ടാണ് കുട്ടികള്‍ വളരുന്നത്.
പരസ്പരം സമയം ചെലവഴിക്കാന്‍ കുടുംബങ്ങള്‍ മുന്‍കൈയെടുക്കണം. സഭയെയും സമൂഹത്തെയും ഇടവകയെയും സഹായിക്കേണ്ട ആവശ്യകതയെക്കുറിച്ചും പിതാവ് ഓര്‍മിപ്പിച്ചു.
ലൗകിക സുഖത്തെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് നോമ്പും ഉപവാസവും. സ്വയം തെളിയിക്കാനുള്ള പ്രലോഭനം കുടുംബ ജീവിതത്തെയും വ്യക്തിത്വത്തെയും നശിപ്പിക്കും. ഒരു വ്യക്തിയുടെ വില മറ്റുള്ളവരെ ആശ്രയിച്ചല്ല ഇരിക്കുന്നത്. മറിച്ച് കര്‍ത്താവിന്റെ കൃപയിലാണെന്നും പിതാവ് പറഞ്ഞു.
മാര്‍ തോമസ് തറയില്‍ നയിച്ച ദിവ്യബലിയോടു കൂടിയാണ് വാര്‍ഷിക ധ്യാനത്തിന് തുടക്കം കുറിച്ചത്. ജപമാല പ്രാര്‍ത്ഥന, വി. കുര്‍ബാന, ആരാധന, വചന പ്രഘോഷണം എന്നീ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ വിശ്വാസികളുടെ വലിയ സമൂഹമാണ് പള്ളിയിലേക്ക് ഒഴുകിയെത്തിയത്. വികാരി ഫാ. എബ്രഹാം നാടുകുന്നേല്‍ നേതൃത്വം നല്‍കി. സ്‌നേഹ വിരുന്നോടെയാണ് ധ്യാനം സമാപിച്ചത്.
വാര്‍ത്ത തയാറാക്കിയത്:
ജെയ്‌സണ്‍ തെക്കേമുറി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.