'വിമാനത്തിന്റെ സീലിങ്ങില്‍ നിറയെ ചോര', നിലവിളിച്ച് യാത്രക്കാര്‍'; കുത്തനെ താഴേക്കു പതിച്ച ബോയിങ് വിമാനത്തിലെ അനുഭവം പങ്കുവെച്ച് യാത്രക്കാരന്‍

'വിമാനത്തിന്റെ സീലിങ്ങില്‍ നിറയെ ചോര', നിലവിളിച്ച് യാത്രക്കാര്‍'; കുത്തനെ താഴേക്കു പതിച്ച ബോയിങ് വിമാനത്തിലെ അനുഭവം പങ്കുവെച്ച് യാത്രക്കാരന്‍

സിഡ്‌നി: ടാസ്മാന്‍ കടലിന് മുകളിലൂടെ ഓക്‌ലന്‍ഡ് ലക്ഷ്യമാക്കി പറക്കുമ്പോഴാണ് 263 യാത്രക്കാരുമായി ലാതം എയര്‍ലൈന്‍സിന്റെ വിമാനം കുത്തനെ താഴേക്കു പതിച്ചത്. എന്താണെന്നു മനസിലാകും മുന്‍പ് യാത്രക്കാരില്‍ പലരും സീറ്റില്‍ നിന്ന് പറന്നുപൊങ്ങി. ചിലരുടെ തല വിമാനത്തിന്റെ മേല്‍ത്തട്ടില്‍ ശക്തിയായി ഇടിച്ച് ചോരയൊഴുകി. മരണം മുന്നില്‍ കണ്ട നിമിഷങ്ങളെ ഒരു ദുസ്വപ്‌നം പോലെ മറക്കാന്‍ ആഗ്രഹിക്കുകയാണ് യാത്രക്കാര്‍.

ഇന്നലെയാണ് ചിലിയന്‍ എയര്‍ലൈന്‍ കമ്പനിയായ ലാതം സര്‍വീസ് നടത്തുന്ന ബോയിങ് വിമാനം സിഡ്‌നിയില്‍ നിന്നു ന്യൂസിലന്‍ഡിലേക്കു പറക്കുന്നതിനിടെ അപ്രതീക്ഷിതമായി താഴേക്ക് പതിച്ചത്. സീറ്റ് ബെല്‍റ്റുകള്‍ ഇടാതിരുന്ന യാത്രക്കാരില്‍ പലരും സീറ്റുകളില്‍ നിന്നും തെറിച്ചുപോയി. സംഭവത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഏഴ് യാത്രക്കാരെയും മൂന്ന് ജീവനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത സാങ്കേതിക തകരാര്‍ കാരണം മൂലമുണ്ടായ സ്‌ട്രോംഗ് ഷെയ്ക്ക് എന്നാണ് വിമാനക്കമ്പനി സംഭവത്തെക്കുറിച്ച് വിശദമാക്കുന്നത്.

സീറ്റ് ബെല്‍റ്റ് കൃത്യമായി ഇട്ടതിനാല്‍ മാത്രം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട യാത്രക്കാരനായിരുന്നു ലൂക്കാസ് എല്‍വുഡ്. എങ്കിലും ആ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും കണ്‍മുന്നിലുണ്ട്. തനിക്കും സഹ യാത്രക്കാര്‍ക്കുമുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം ഓസ്‌ട്രേലിയന്‍ മാധ്യമമായ 7ന്യൂസുമായി പങ്കുവെച്ചു.

'സംഭവം നടക്കുന്ന സമയത്ത് 263 യാത്രക്കാരും 9 കാബിന്‍ ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഉച്ചഭക്ഷണം കഴിഞ്ഞ് ശാന്തമായി ഇരിക്കുമ്പോഴാണ് അതു സംഭവിച്ചത്. വിമാനം ശക്തമായി കുലുങ്ങാന്‍ തുടങ്ങി. യാത്രക്കാരും മൊബൈല്‍ ഫോണുകളും സീറ്റില്‍ നിന്ന് ഉയര്‍ന്ന് പറന്നു നീങ്ങി. എല്ലാവരും ഭയന്ന് നിലവിളിക്കുകയും കരയുകയും ചെയ്തു. ഒരു നിമിഷത്തിനുള്ളില്‍ അവരെല്ലാം താഴെവീണു. മുകളില്‍ വെച്ചിരുന്ന എല്ലാ സാധനങ്ങളും താഴേക്കുവീണു.

തന്റെ അരികിലിരുന്ന യാത്രക്കാരന്റെ ഉള്‍പ്പെടെ പലരുടെയും തല മുകളില്‍ ഇടിച്ച് ചോരയൊഴുകുന്നുണ്ടായിരുന്നു. തന്റെ കൈയിലുണ്ടായിരുന്ന ഐപാഡും വിമാനത്തിന്റെ സീലിങ്ങില്‍ ഇടിച്ച് തകര്‍ന്നു - ലൂക്കാസ് എല്‍വുഡ് ഓര്‍ത്തെടുത്തു.

'നിരവധി യാത്രക്കാര്‍ക്ക് തലയ്ക്ക് പരിക്കേറ്റു, ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ടായി. ചിലര്‍ക്ക് സെര്‍വിക്കല്‍ കോളര്‍ ഉപയോഗിക്കേണ്ടി വരും. പ്രായമായ സ്ത്രീകള്‍ക്ക് കൈക്ക് പരിക്കേറ്റു' - എല്‍വുഡ് പറഞ്ഞു.

പ്രശ്‌നത്തെക്കുറിച്ച് വിശദീകരിക്കാന്‍ കോക്പിറ്റില്‍നിന്ന് ഒരു ജീവനക്കാരന്‍ ഇന്റര്‍കോമിലൂടെ യാത്രക്കാരെ അഭിസംബോധന ചെയ്‌തെങ്കിലും ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ അഭാവം മൂലം അവര്‍ പറഞ്ഞത് എന്താണെന്ന് ആര്‍ക്കും മനസിലായില്ലെന്നും എല്‍വുഡ് പറഞ്ഞു.

ഓക്‌ലന്‍ഡ് വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോഴാണ് എല്ലാവര്‍ക്കും ആശ്വാസമായത്. യാത്രക്കാര്‍ കൈയടിച്ചാണ് തങ്ങളുടെ ആഹ്ലാദം പങ്കിട്ടത്. പാരാമെഡിക്കുകള്‍ എത്തി യാത്രക്കാരെയും ജീവനക്കാരെയും പരിശോധിച്ച് അടിയന്തര ചികിത്സ നല്‍കി. ആശുപത്രിയില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും താമസവും എയര്‍ലൈന്‍സിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്.

അപകടം സാങ്കേതിക തകരാര്‍ മൂലമാണെന്നാണ് എയര്‍ലൈന്‍സിന്റെ വാദം. സിഡ്‌നിയില്‍ നിന്നും സാന്റിയാഗോയിലേക്ക് സര്‍വീസ് നടത്തുന്ന ലാതം ഏയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം സ്ഥിരമായി ഓക്ലന്‍ില്‍ ഇറങ്ങിയ ശേഷം യാത്ര തുടരുകയാണ് ചെയ്യുന്നത്.

വിമാനക്കമ്പനിക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ബോയിങ് ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. വിമാനത്തിലെ ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ ക്രോഡീകരിക്കാനുളള നീക്കത്തിലാണ് വിമാനക്കമ്പനി.

കൂടുതല്‍ വായനയ്ക്ക്:

സിഡ്നിയില്‍ നിന്ന് ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡിലേക്കു പറന്ന വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; യാത്രക്കാര്‍ പറന്നു പൊങ്ങി സീലിങ്ങിലിടിച്ച് 50 പേര്‍ക്ക് പരിക്ക്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.