സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ നിന്ന് ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡിലേക്കു പറന്ന വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ആകാശത്തുവെച്ച് വിമാനം പെട്ടെന്ന് വായുവില്‍ താഴേക്ക് പതിക്കുകയും തുടര്‍ന്നുണ്ടായ അപകടത്തില്‍ അമ്പത് പേര്‍ക്ക് പരിക്കേറ്റതായും എ.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ചിലിയന്‍ എയര്‍ലൈന്‍ കമ്പനിയായ ലാതം ഓപ്പറേറ്റ് ചെയ്യുന്ന ബോയിങ് വിമാനമാണ് പറക്കുന്നതിനിടെ പെട്ടെന്ന് അന്തരീക്ഷത്തില്‍ താഴേക്കു പതിച്ചത്. വിമാനം അപ്രതീക്ഷിതമായി താഴേക്ക് പതിച്ചതിനാല്‍ ഉള്‍വശം ശക്തമായി കുലുങ്ങുകയും യാത്രക്കാരില്‍ ചിലരും ക്രൂ അംഗങ്ങളും പറന്നു പൊങ്ങി സീലിങ്ങില്‍ ഇടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പലര്‍ക്കും മുകള്‍ഭാഗത്ത് തലയിടിച്ച് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സാരമായ പരിക്കേറ്റ ഏഴ് യാത്രക്കാരെയും മൂന്ന് ജീവനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
എല്‍.എ800 വിമാനം പ്രാദേശിക സമയം വൈകുന്നേരം 4:26 ന് ഓക്‌ലന്‍ഡില്‍ ലാന്‍ഡ് ചെയ്തു. പറക്കുന്നതിനിടെ സാങ്കേതിക പ്രശ്‌നമുണ്ടായതായും ഇത് വിമാനം ശക്തമായി കുലുങ്ങാന്‍ കാരണമായതായും ലാതം എയര്‍ലൈന്‍സ് അറിയിച്ചു. എന്നാല്‍, എന്താണ് സാങ്കേതിക സംഭവമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കിയിട്ടില്ല. വിമാനത്തിലെ യാത്രക്കാരാണ് മിഡ്-എയര്‍ ഡ്രോപ്പ് ഉണ്ടായതായി പറഞ്ഞത്. സംഭവ സമയത്ത് സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഇരുന്നവര്‍ക്കാണ് പരിക്കേറ്റത്.
സീറ്റ് ബെല്‍റ്റ് ധരിക്കാത്ത യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ പറക്കുന്ന സാഹചര്യമുണ്ടായെന്നും യാത്രക്കാര്‍ പറഞ്ഞു. 'നിരവധി യായ്രക്കാരുടെ തലയില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു, ആളുകള്‍ നിലവിളിക്കുകയും വല്ലതെ ഭയപ്പെടുകയും ചെയ്തു' - യാത്രക്കാരിലൊരാളായ ബ്രയാന്‍ ജോകട്ട് പറഞ്ഞു.
ആളുകള്‍ പറന്നിടിച്ച് വിമാനത്തിന്റെ സീലിംഗിന് കേടുപറ്റി. ചിലിയുടെ മുന്‍നിര കാരിയറാണ് ലാതം എയര്‍ലൈന്‍സ്. സിഡ്‌നിയില്‍നിന്ന് സാന്റിയാഗോയിലേക്ക് സര്‍വീസ് നടത്തുന്ന ലാതം എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം സ്ഥിരമായി ഓക്‌ലന്‍ഡില്‍ ഇറക്കിയശേഷമാണ് യാത്ര തുടരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.