'ചര്‍ച്ചയ്ക്കായി പാകിസ്ഥാന് മുന്നില്‍ വാതിലുകള്‍ അടച്ചിട്ടില്ല'; തീവ്രവാദമെന്ന വിഷയത്തെ ഒഴിവാക്കിയുള്ള ചര്‍ച്ച സാധ്യമല്ലെന്ന് എസ്.ജയശങ്കര്‍

'ചര്‍ച്ചയ്ക്കായി പാകിസ്ഥാന് മുന്നില്‍ വാതിലുകള്‍ അടച്ചിട്ടില്ല'; തീവ്രവാദമെന്ന വിഷയത്തെ ഒഴിവാക്കിയുള്ള ചര്‍ച്ച സാധ്യമല്ലെന്ന് എസ്.ജയശങ്കര്‍

ന്യൂഡല്‍ഹി: പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതിനുള്ള വാതിലുകള്‍ ഇന്ത്യ അടച്ചിട്ടില്ലെന്നും എന്നാല്‍ തീവ്രവാദമെന്ന വിഷയമായിരിക്കും ചര്‍ച്ചയുടെ കേന്ദ്ര ബിന്ദുവെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള നയതന്ത്ര നിലപാടുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ജയശങ്കര്‍ ഡല്‍ഹിയില്‍ മടങ്ങി എത്തിയത്.
ഇന്ത്യ-പാക് ബന്ധത്തെക്കുറിച്ചും പാകിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ ഇന്ത്യ ഇത് അംഗീകരിക്കുമോ എന്നുമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് അദേഹം നിലപാട് അറിയിച്ചത്.

ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള വാതിലുകള്‍ ഇന്ത്യ ഒരിക്കലും അടച്ചിട്ടില്ല. എന്തിനെ കുറിച്ചാണ് ഇരു രാജ്യങ്ങളും സംസാരിക്കുന്നത് എന്നതായിരിക്കും മറ്റൊരു സംശയം. ന്യായമായും തീവ്രവാദം എന്ന വിപത്ത് തന്നെയായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയം. മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ടാകാം. പക്ഷെ ഭീകരവാദത്തെ എല്ലാ രീതിയിലും പിന്തുണയ്ക്കുന്ന സമീപനമാണ് പാകിസ്ഥാനുള്ളത്. അതുകൊണ്ട് തന്നെ തീവ്രവാദമെന്ന വിഷയത്തെ ഒഴിവാക്കിയുള്ള ഒരു ചര്‍ച്ചയും നടത്താനാകില്ല.

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെ കുറിച്ചുള്ള ചോദ്യത്തിനും അദേഹം മറുപടി നല്‍കി. ഏതൊരു രാജ്യത്തിന്റേയും അതിര്‍ത്തികളില്‍ ചില പ്രശ്നങ്ങളുണ്ടാകാം. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകരുത് എന്നത് ഒരു പൊതു താല്‍പര്യമാണ്. ഇന്ത്യയും ചൈനയുമായി കരാറുകള്‍ ഒപ്പിട്ടത് പോലും ഈയൊരു താല്‍പര്യത്തിന്റെ പുറത്താണ്.

കഴിഞ്ഞ നാല് വര്‍ഷത്തോളമായി അതിര്‍ത്തിയില്‍ പിരിമുറുക്കം ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഈ വിഷയങ്ങള്‍ എത്രത്തോളം വേഗം പരിഹരിക്കാന്‍ സാധിക്കുമോ അത്രത്തോളം ഇരുകൂട്ടര്‍ക്കും നല്ലതാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ജയശങ്കര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.