'രാസലഹരിയില്‍ മയങ്ങുന്ന ഓസ്‌ട്രേലിയന്‍ യുവത്വം'; മലിനജല സാമ്പിളുകളുടെ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന ലഹരി ഉപയോഗത്തിന്റെ കണക്കുകള്‍

'രാസലഹരിയില്‍ മയങ്ങുന്ന ഓസ്‌ട്രേലിയന്‍ യുവത്വം'; മലിനജല സാമ്പിളുകളുടെ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന ലഹരി ഉപയോഗത്തിന്റെ കണക്കുകള്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ മാരകമായ ലഹരി മരുന്നുകളുടെ ഉപയോഗം ആശങ്കാജനകമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മദ്യത്തിന്റെ ഉപഭോഗം കുറയുന്നതിന് അനുസരിച്ച് മെത്താംഫെറ്റാമൈന്‍, കൊക്കെയ്ന്‍ എന്നീ നിരോധിത മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ക്കാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നതായി ഓസ്ട്രേലിയന്‍ ക്രൈം ഇന്റലിജന്‍സ് കമ്മിഷന്റെ പഠനത്തില്‍ പറയുന്നു. ഈ പഠനത്തിനായി അവലംബിച്ച മാര്‍ഗമാണ് വ്യത്യസ്തം.

നാഷണല്‍ വേസ്റ്റ്വാട്ടര്‍ ഡ്രഗ് മോണിറ്ററിംഗ് പ്രോഗ്രാം എന്ന ദൗത്യത്തിനു കീഴില്‍ ശുചിമുറിയില്‍നിന്നുള്ള മലിനജല സാമ്പിളുകള്‍ പരിശോധിച്ചാണ് ഈ കണ്ടെത്തല്‍ നടത്തിയത്. മൂത്രത്തിന്റെ അംശമുള്ള ഈ സാമ്പിളുകളില്‍ നിന്ന് നിയമപരവും നിയമവിരുദ്ധവുമായ 12 വ്യത്യസ്ത ലഹരി
പദാര്‍ത്ഥങ്ങള്‍ തരംതിരിച്ചു. ഇവ അളന്നതിലൂടെയാണ് മയക്കുമരുന്ന് ഉപഭോഗത്തിന്റെ തോത് വലിയ അളവില്‍ വര്‍ധിച്ചതായി കണക്കാക്കിയത്.

കോവിഡ് മഹാമാരിക്കാലത്ത് മെത്ത്, കൊക്കെയ്ന്‍ എന്നിവയുള്‍പ്പെടെയുള്ള നിരോധിത മയക്കുമരുന്നുകളുടെ ഉപഭോഗം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാല്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം ലഹരി കടത്തും ഉപയോഗവും പഴയതിനേക്കാള്‍ ശക്തമായി തിരിച്ചെത്തി. ലഹരി പാര്‍ട്ടികളും വര്‍ധിച്ചതോടെ മയക്കുമരുന്നുകളുടെ വിപണി ശക്തമായി.

2023 ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനുള്ളില്‍ ഓസ്ട്രേലിയക്കാര്‍ 10 ബില്യണ്‍ ഡോളറിലധികം തുക മെത്താംഫെറ്റാമൈന്‍ വാങ്ങാനായി ചെലവഴിച്ചതായി ക്രിമിനല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ പഠനത്തില്‍ പറയുന്നു. ഇതേ കാലയളവില്‍ 10.5 ടണ്ണിലധികം മെത്താംഫെറ്റാമൈനാണ് രാജ്യത്തുടനീളം ഉപയോഗിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 17 ശതമാനത്തിന്റെ വര്‍ധന. അതേസമയം, കൊക്കെയ്ന്‍ എന്ന ലഹരി പദാര്‍ത്ഥം നാലു ടണ്‍ ഉപയോഗിച്ചു (മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധന).

ശുചിമുറികളില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിക്കുന്ന 62 പ്ലാന്റുകളില്‍ നിന്നുള്ള സാമ്പിളുകള്‍ അടിസ്ഥാനമാക്കിയാണ് ഈ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. ഓസ്ട്രേലിയയിലെ ജനസംഖ്യയുടെ പകുതിയിലധികം ഉള്‍ക്കൊള്ളുന്നതാണ് റിപ്പോര്‍ട്ട്.

ഓസ്ട്രേലിയയിലെ മയക്കുമരുന്ന് പ്രവണതകളുടെ ചെറിയൊരു ശതമാനമാണ് ഈ പഠനത്തിലൂടെ പുറത്തുവന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഓസ്ട്രേലിയക്കാര്‍ 30 ടണ്ണിലധികം നിരോധിത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതായി പഠനത്തില്‍ പറയുന്നു.

മെത്താംഫെറ്റാമൈന്‍ ആണ് ലോകത്ത് രണ്ടാമത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന നിരോധിത മരുന്ന്. കഴിഞ്ഞ 12 മാസത്തിനിടെ 100 ഓസ്ട്രേലിയക്കാരില്‍ ഒരാള്‍ വീതം മെത്ത് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രാദേശിക ഓസ്ട്രേലിയക്കാര്‍ മെത്താംഫെറ്റാമൈനും എം.ഡി.എം.എയും ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണെന്നും അതേസമയം തലസ്ഥാന നഗരങ്ങളില്‍ കൊക്കെയ്നും ഹെറോയിനും കൂടുതലായി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെത്താംഫെറ്റാമൈന്‍, കൊക്കെയ്ന്‍, എംഡിഎംഎ, ഹെറോയിന്‍, കഞ്ചാവ് എന്നിവയ്ക്കെല്ലാം കൂടി 12.7 ബില്യണ്‍ ഡോളര്‍ തുകയാണ് ഓസ്‌ട്രേലിയക്കാര്‍ ചെലവഴിച്ചത്. അതില്‍ കൂടുതലും ചെലവഴിച്ചത് മെത്താംഫെറ്റാമൈനു വേണ്ടിയായിരുന്നു - 10 ബില്യണ്‍ ഡോളര്‍.

പല കുടുംബങ്ങളും ജീവിതച്ചെലവിനായി ബുദ്ധിമുട്ടുമ്പോള്‍ ഈ വലിയ തുക പോകുന്നത് ക്രിമിനല്‍ സംഘങ്ങളുടെ പോക്കറ്റുകളിലേക്കാണ്. ഇത് സമൂഹത്തിന് ഒരു പ്രയോജനവും ചെയ്യുന്നില്ലെന്ന് ഡ്രഗ്‌സ് അഡൈ്വസര്‍ ഷെയ്ന്‍ നീല്‍സണ്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.