'സംസ്ഥാനങ്ങള്‍ക്ക് മാറി നില്‍ക്കാനാവില്ല'; സിഎഎ ഒരിക്കലും പിന്‍വലിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

'സംസ്ഥാനങ്ങള്‍ക്ക് മാറി നില്‍ക്കാനാവില്ല'; സിഎഎ ഒരിക്കലും പിന്‍വലിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ഒരിക്കലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. സിഎഎ ഒരിക്കലും പിന്‍വലിക്കില്ല. നമ്മുടെ രാജ്യത്ത് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്നത് സര്‍ക്കാരിന്റെ പരമാധികാര തീരുമാനമാണ്. അതില്‍ തങ്ങള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് അമിത് ഷാ പറഞ്ഞു.

പൗരത്വ ഭേഗഗതി നിയമം നടപ്പാക്കുന്നതില്‍ ന്യൂനപക്ഷങ്ങളോ മറ്റ് ഏതെങ്കിലും വിഭാഗങ്ങളോ ഭയപ്പെടേണ്ടതില്ല. കാരണം ആരുടെയും പൗരത്വം എടുത്തുകളയാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും അമിത് ഷാ പറഞ്ഞു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൈനര്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പാര്‍സി അഭയാര്‍ഥികള്‍ക്കും അവകാശങ്ങളും പൗരത്വവും നല്‍കാന്‍ മാത്രമാണ് സിഎഎയെന്നും ഷാ പറഞ്ഞു.

പ്രതിപക്ഷത്തിന് മറ്റ് പണിയൊന്നുമില്ലാത്തതിനാലാണ് ഇത് വോട്ട് ബാങ്ക് കണക്കാക്കിയാണെന്ന് അവര്‍ പറയുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോഴും അവര്‍ പറഞ്ഞത് ഈ ഒരു കാരണമാണ്. ആര്‍ട്ടിക്കിള്‍ 370 നീക്കുമെന്ന് 1950 മുതല്‍ പറയുന്നതാണെന്നും അമിത് ഷാ പറഞ്ഞു. ഒവൈസി, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍, മമത ബാനര്‍ജി എന്നിവരുള്‍പ്പെടെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇത് സംബന്ധിച്ച് നുണകളുടെ രാഷ്ട്രീയമാണ് പറയുന്നത്.

കേരള, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് പൗരത്വഭേദഗതി നിയമം നടപ്പാക്കാതിരിക്കാനാവില്ല. ഇത് കേന്ദ്ര സര്‍ക്കാരിന്റെ വിഷയമാണ്. സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് ആയതുകൊണ്ട് പ്രീണനരാഷ്ട്രീയത്തിനായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.