സിഎഎ കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; പൂഞ്ഞാര്‍ സംഭവത്തില്‍ പറഞ്ഞതില്‍ മാറ്റമില്ലെന്നും പിണറായി

സിഎഎ കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; പൂഞ്ഞാര്‍ സംഭവത്തില്‍ പറഞ്ഞതില്‍ മാറ്റമില്ലെന്നും പിണറായി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎഎയ്ക്കെതിരെ നിയമപരമായ തുടര്‍ നടപടിക്ക് കേരളം തയാറാണ്. തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ഹീനമായ നടപടിയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ ഭരണ ഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമായതും നിയമം ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതുമാണ്. വിഭജന രാഷ്ട്രീയത്തിലൂടെ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ശ്രമമാണിത്.

ഈ നിയമം അന്താരഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനം നേരിടുന്നു. നിയമത്തിന്റെ വിവേചന സ്വഭാവത്തെ തുടര്‍ന്ന് ഐക്യ രാഷ്ട്ര സഭയില്‍ നിന്ന് തന്നെ വിമര്‍ശനം നേരിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മുസ്ലീം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നതാണ് ഈ നിയമം. ഇന്ത്യയെന്ന ആശയത്തിന് തന്നെ വെല്ലുവിളിയാണിത്. പ്രത്യേക മത വിശ്വസത്തെ പൗരത്വം നിര്‍ണയിക്കുന്ന വ്യവസ്ഥയാക്കുന്നു. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘ പരിവാര്‍ തലച്ചോറില്‍ നിന്നാണ് ഈ വിഷലിപ്തമായ നിയമം ജന്മം കൊണ്ടത്.

അനധികൃത കുടിയേറ്റക്കാര്‍ എന്ന പ്രയോഗം ആദ്യമായി പൗരത്വ നിയമത്തില്‍ വന്നത് 2003 ല്‍ വാജ്പേയ് സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ ആരാണ് അനധികൃത കുടിയേറ്റക്കാര്‍ എന്നത് നിര്‍വചിക്കപ്പെട്ടത് മതാടിസ്ഥാനത്തിലായിരുന്നില്ല. 2019 ലെ ഭേദഗതിയാണ് പൗരത്വത്തെ നിര്‍ണയിക്കാനുള്ളതിന് അടിസ്ഥാനമാക്കി മതത്തെ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൗലിക അവകാശം ഹനിക്കുന്ന ഒരു നിയമവും ഒരു സര്‍ക്കാരിനും കൊണ്ടുവരാനാകില്ല. പൗരത്വ നിയമ ഭേദഗതിയുടെ രാഷ്ട്രീയ ലക്ഷ്യമാണ് എതിര്‍ക്കപ്പെടുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷത്തെ കൂടി അണിനിരത്തി കേരളം നേരത്തെ സമരം ചെയ്തിരുന്നു.

നിയമസഭ പ്രമേയം അടക്കം നിയമം പാസാക്കി. എന്നാല്‍ കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ യോജിപ്പിന് തയ്യാറായെങ്കിലും പെട്ടെന്ന് നിലപാട് മാറ്റി. അന്നത്തെ കെപിസിസി പ്രസിഡന്റ് പ്രമേയത്തെ പരിഹസിച്ചു. പ്രക്ഷോഭങ്ങളില്‍ അണി നിരന്നവര്‍ക്കെതിരെ പാര്‍ട്ടിതല നടപടി എടുത്തുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

പൂഞ്ഞാര്‍ പള്ളിയങ്കണത്തില്‍ വൈദികന്‍ ആക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുള്ളവരെല്ലാം മുസ്ലീം യുവാക്കളാണെന്നും മുഖാമുഖം പരിപാടിയില്‍ ഇതു സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ മറുപടിയാണ് നല്‍കിയതെന്നും പറഞ്ഞതില്‍ മാറ്റമില്ലെന്നും  ഒരു ചോദ്യത്തിന് മറുപടിയായി  മുഖ്യമന്ത്രി  പറഞ്ഞു.

മകള്‍ വീണാ വിജയന്റെ മാസപ്പടി കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് അന്വേഷണം നടക്കുകയല്ലേ? അവര്‍ കണ്ടെത്തട്ടെ എന്ന് പറഞ്ഞ് പിണറായി വിജയന്‍ ഒഴിഞ്ഞു മാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.