തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാന്‍ മാര്‍ ഈവാനിയോസിനെ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തി. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള പദവിയാണ്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഫ്രാന്‍സിസ് മാര്‍പ്പാപ്പ വത്തിക്കാനില്‍ നടത്തി.
പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള കൃതജ്ഞതാ ബലിയും അനുസ്മരണ ശുശ്രൂഷകളും വെള്ളിയാഴ്ച്ച വൈകുന്നേരം നാലിന് കബറിടം സ്ഥിതിചെയ്യുന്ന പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. 1998 ഫെബ്രുവരി 25 നാണ് വിശുദ്ധ നാമകരണ നടപടികള്‍ സഭ ഔദ്യോഗികമായി ആരംഭിച്ചത്.
നടപടികളുടെ ഭാഗമായി 2014 ജൂണ്‍ 23 ന് ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിടം തുറന്ന് പരിശോധിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള ഗ്രന്ഥങ്ങളുടെയും കത്തുകളുടെയും പരിശോധന പൂര്‍ത്തിയാക്കി ഒരു ലക്ഷം പേജ് വരുന്ന റിപ്പോര്‍ട്ട് റോമിലേക്ക് സമര്‍പ്പിച്ചു.
വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കുള്ള കാര്യാലയം ഈ റിപ്പോര്‍ട്ടിന്മേലുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ധന്യ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള ശിപാര്‍ശകള്‍ മാര്‍പാപ്പയ്ക്ക് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് മാര്‍പാപ്പ പ്രഖ്യാപനം നടത്തിയത്.
മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്‍പിയും ബഥനി ആശ്രമ സ്ഥാപകനുമാണ് മാര്‍ ഈവാനിയോസ്. മാവേലിക്കര പണിക്കര്‍ വീട്ടില്‍ തോമാപണിക്കരുടെയും അന്നമ്മ പണിക്കരുടെയും മകനായി 1882 സെപ്റ്റംബര്‍ 21-നാണ് അദ്ദേഹം ജനിച്ചത്.
1900-ല്‍ മാവേലിക്കര പുതിയകാവ് പള്ളിയില്‍ വച്ച് 'ഗീവര്‍ഗീസ്' എന്നപേരില്‍ ശെമ്മാശ പട്ടം സ്വീകരിച്ചു. 1908 സെപ്റ്റംബര്‍ 15-ന് പരുമല സെമിനാരിയില്‍ നടന്ന ചടങ്ങില്‍ വൈദിക പട്ടം സ്വീകരിച്ചു. 1913 മുതല്‍ 1919 വരെ ബംഗാളിലെ സെറാംപൂര്‍ കോളജില്‍ അധ്യാപകനായി സേവനം അനുഷ്ടിച്ചു.
പെരുന്നാട്(റാന്നി) മുണ്ടന്‍മലയില്‍ 1919 ഓഗസ്റ്റ് 15-ന് ബഥനി ആശ്രമം സ്ഥാപിച്ചു. 1925 സെപ്റ്റംബര്‍ എട്ടിനാണ് പ്രസിദ്ധമായ ബഥനി സന്ന്യാസിനീ സഭ സ്ഥാപിച്ചത്. 1925 മെയ് ഒന്നിന് ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ബാവായില്‍ നിന്നും പരുമലയില്‍ വച്ച് ബഥനിയുടെ മെത്രാപ്പൊലീത്തയായി അഭിഷിക്തനായി. ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് എന്ന പേര് സ്വീകരിച്ചു
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ അദ്ദേഹവും അനുയായികളും 1930 സെപ്റ്റംബര്‍ 20 ന് കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. 1930 സെപ്റ്റംബര്‍ 20-ന് കൊല്ലത്തുവച്ച് ബിഷപ്പ് ബെന്‍സിഗറിന്റെ മുമ്പില്‍ വിശ്വാസം ഏറ്റുപറഞ്ഞായിരിന്നു കത്തോലിക്കാസഭയുമായി പുനരൈക്യം. 1932-ല്‍ പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പയെ ഈവാനിയോസ് പിതാവ് സന്ദര്‍ശിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ ഹയറാര്‍ക്കി അങ്ങനെ സ്ഥാപിതമായി.
തിരുവനന്തപുരം ആര്‍ച്ചുബിഷപ്പായിരിക്കെ, തന്റെ അജപാലന ശുശ്രൂഷാകാലത്തെ 22 വര്‍ഷങ്ങള്‍ക്കുള്ളില്‍ ദൈവദാസന്‍ സ്ഥാപിച്ചത് 78 പ്രൈമറി സ്‌കൂളുകളും 18 യു.പി. സ്‌കൂളുകളും 15 ഹൈസ്‌കൂളുകളും 2 ടി.ടി.ഐ.കളും 1 ആര്‍ട്സ് കോളജും. 1953 ജൂലൈ 15 നാണ് ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ കാലം ചെയ്തത്. 2007 ജൂലൈ 14 ന് ദൈവദാസന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.