ഒഹായോ സംസ്ഥാനത്ത് മൂന്നു പേരുടെ ജീവനെടുത്ത് ചുഴലിക്കാറ്റ്; കെന്റക്കിയിലും ഇന്ത്യാനയിലും നിരവധി പേര്‍ക്ക് പരിക്ക്

ഒഹായോ സംസ്ഥാനത്ത് മൂന്നു പേരുടെ ജീവനെടുത്ത് ചുഴലിക്കാറ്റ്; കെന്റക്കിയിലും ഇന്ത്യാനയിലും നിരവധി പേര്‍ക്ക് പരിക്ക്

കൊളംബസ്: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്ത് നാശം വിതച്ച ചുഴലിക്കാറ്റില്‍ മൂന്നു മരണം. സമീപ സംസ്ഥാനങ്ങളായ കെന്റക്കിയിലും ഇന്ത്യാനയിലും ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ക്രോഫോര്‍ഡ് കൗണ്ടിയിലും ആഷ്ലാന്‍ഡ് കൗണ്ടിയിലുമാണ് ശക്തമായ ചുഴലിക്കാറ്റ് റിപ്പോര്‍ട്ട് ചെയ്തത്. ലേക്വ്യൂ, മിഡ്വേ, ഓര്‍ച്ചാര്‍ഡ് ഐലന്‍ഡ്, റസല്‍സ് പോയിന്റ് എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 'ഇത് വളരെ അപകടകരവും കരുതല്‍ സ്വീകരിക്കേണ്ടതുമായ ചുഴലിക്കാറ്റാണെന്ന് നാഷണല്‍ വെതര്‍ സര്‍വീസിന്റെ ക്ലീവ്ലാന്‍ഡ് ഓഫീസ് സമൂഹ മാധ്യമത്തിലൂടെ അറിയിപ്പു നല്‍കി.

അതേസമയം, ഇന്ത്യാനയിലെ വിന്‍ചെസ്റ്ററില്‍ വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിലും ചുഴലിക്കാറ്റിലും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മണിക്കൂറില്‍ 70 മൈല്‍ വരെ വേഗതയില്‍ കാറ്റിനും ടെന്നീസ് ബോളുകളുടെ വലിപ്പമുള്ള മഞ്ഞു വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ ഇന്ത്യാന പട്ടണത്തിലെ ഒരു മൊബൈല്‍ ഹോം പാര്‍ക്കിനും ടാക്കോ ബെല്‍ റെസ്‌റ്റോറന്റിനും കൊടുങ്കാറ്റില്‍ നാശനഷ്ടങ്ങളുണ്ടായി. ഇന്‍ഡ്യാനപൊളിസില്‍ നിന്ന് 85 മൈല്‍ കിഴക്ക് റാന്‍ഡോള്‍ഫ് കൗണ്ടിയിലെ വസ്തുക്കള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു.

ഇന്ത്യാനയിലെ മാഡിസണിന് പുറത്ത് രണ്ട് ചുഴലിക്കാറ്റുകള്‍ സ്ഥിരീകരിച്ചതായി ഇന്ത്യാന എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒരു വീടിനും ട്രെയിലറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒഹായോ സംസ്ഥാനത്ത് ഏകദേശം 20,000 പേര്‍ക്ക് വൈദ്യുതി മുടങ്ങിയതായി യുഎസ്എ ടുഡേയുടെ ട്രാക്കര്‍ കാണിക്കുന്നു.

ഫെബ്രുവരി 28-ന് സംസ്ഥാനത്ത് ഒമ്പത് ചുഴലിക്കാറ്റുകള്‍ വീശിയടിക്കുകയും മരങ്ങള്‍ കടപുഴകുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.