തിരുവനന്തപുരം: സംസ്ഥാനത്തെ റബര്‍ ഉല്‍പാദന ബോണസ് 180 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. കൂടാതെ സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് ഉല്‍പാദന ബോണസായി 24.48 കോടി രുപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി അറിയിച്ചു.
റബര്‍ സബ്സിഡി ഉയര്‍ത്തുമെന്ന് ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. സ്വാഭാവിക റബറിന് വിലയിടഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ റബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കിയത്. വിപണി വിലയില്‍ കുറവുവരുന്ന തുകയാണ് സര്‍ക്കാര്‍ സബ്സിഡിയായി അനുവദിക്കുന്നത്.
2021 ഏപ്രിലില്‍ ഒരു കിലോഗ്രാം സ്വാഭാവിക റബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയില്‍ സബ്സിഡി തുക ഉയര്‍ത്തിയിരുന്നു. 2024 ഏപ്രില്‍ ഒന്നുമുതല്‍ കിലോഗ്രാമിന് 180 രൂപയായി വര്‍ധിപ്പിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. അത് നടപ്പാക്കിയാണ് ഉത്തരവിറക്കിയത്.
അന്തര്‍ദേശീയ വിപണിയില്‍ വില ഉയരുമ്പോഴും രാജ്യത്ത് റബര്‍ വില തകര്‍ച്ചയ്ക്ക് കാരണമാകുന്ന നയസമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലും, എല്ലാ സാമ്പത്തിക പ്രയാസങ്ങളും മാറ്റിവച്ച് റബര്‍ കര്‍ഷകരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇതോടെ റബര്‍ ബോര്‍ഡ് അംഗീകരിച്ച പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും സബ്സിഡി ബാങ്ക് അക്കൗണ്ടിലെത്തും. ഒന്നര ലക്ഷത്തിലേറെ ചെറുകിട നാമമാത്ര റബര്‍ കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
റബര്‍ ബോര്‍ഡ് അംഗീകരിക്കുന്ന കര്‍ഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡി നല്‍കുന്നത്. ഈ വര്‍ഷം റബര്‍ ബോര്‍ഡ് അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും സബ്സിസി ലഭ്യമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.